CLICK HERE TO VIEW IN YOUR BROWSER

കെ-റെയിലിനെക്കുറിച്ച്

ട്രെയിൻ ഗതാഗതരംഗത്ത് അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനായി സംസ്ഥാന ഗവൺമെന്റിന്റെയും റെയിൽവെ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ രൂപീകൃതമായ സംയുക്തസംരംഭമാണ് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ). റെയിൽവെയുടെ അടിസ്ഥാന സൗകര്യവികസനം, പുനർവികസനം,പ്രവർത്തനം, പരിപാലനം എന്നീ മേഖലകളിലും യാത്രികർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതികസാഹചര്യമൊരുക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന പ്രമുഖ സ്ഥാപനമാവാനാണ് കെ-റെയിൽ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യകളും സാമ്പത്തികനയവൈദഗ്ദ്ധ്യവും പരാമാവധി വിഭവശേഷി വിനിയോഗവും അനുവർത്തിച്ച് സുരക്ഷ, സുഖസൗകര്യം, കാര്യക്ഷമത, മൂല്യാധിഷ്ഠിതസേവനങ്ങൾ എന്നിവ ഉന്നത നിലവാരത്തിൽ പ്രദാനം ചെയ്തുള്ള പദ്ധതി പൂർത്തീകരണവും കെ-റെയിലിന്റെ പ്രത്യേകതയാണ്.

സംഭവങ്ങളും സമകാലികവിവരങ്ങളും

സില്‍വര്‍ലൈന്‍ കേരളത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതി: മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ ഭാവി വളര്‍ച്ചയ്ക്കായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പാതയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്ന സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

'കുറച്ചുപേര്‍ക്ക് ഈ പദ്ധതിയെക്കുറിച്ച് ആശങ്കയുണ്ട്. അവര്‍ക്ക് അവരുടെ ഭൂമിയും സ്വത്തുക്കളും ഈ പദ്ധതിക്കായി ഒരു പക്ഷേ നഷ്ടപ്പെടും. സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കിയ ശേഷമായിരിക്കും  സര്‍ക്കാര്‍ വസ്തുവകകള്‍ ഏറ്റെടുക്കുക. ജനങ്ങളുടെ എല്ലാ ആശങ്കകളും പരിഹരിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക - മുഖ്യമന്ത്രി പറഞ്ഞു. 

സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന്റെ അവിഭാജ്യ ഘടകമാണ്. വളരെ പരിമിതമായ  ആളുകളെ മാത്രം മാറ്റിപ്പാര്‍പ്പിച്ചാണ്  പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പദ്ധതി നാടിന്റെ വരുംകാല പുരോഗതി മുന്‍നിര്‍ത്തിയുള്ളതാണ്. പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരുമായി കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 ഇഴഞ്ഞു നീങ്ങുന്ന ട്രെയിനുകളുള്ള സംസ്ഥാനം
പുരോഗമിച്ചെന്നു പറയാനാകില്ല -എന്‍.എസ്. മാധവന്‍

 
തിരുവനന്തപുരം: ഇരുപത്തിയൊന്നാംനൂറ്റാണ്ടില്‍ ശരാശരി 40 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഇഴഞ്ഞു നീങ്ങുന്ന ഒരു സംസ്ഥാനം പുരോഗമിച്ചെന്നു പറയാന്‍ പ്രയാസമാണെന്ന് എഴുത്തുകാരനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എന്‍.എസ്. മാധവന്‍.

മലയാള മനോരമ പത്രത്തിലെ  തത്സമയം എന്ന തന്റെ പ്രതിവാര കോളത്തിലാണ് മാധവന്റെ നിരീക്ഷണം. നമ്മുടെ യാത്രയ്ക്കും വേഗം കൂടട്ടെ എന്ന തലക്കെട്ടില്‍ കേരളാ റെയില്‍ ഡലവപ്മെന്റ് കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചാണ് അദ്ദേഹം പ്രതിപാദിക്കുന്നത്.

ഒരു പരിസ്ഥിതി വിദഗ്ധന്‍ പറഞ്ഞത് കാസര്‍കോട്ടുകാര്‍ ട്രെയിനില്‍ രാത്രിസഞ്ചാരം ശീലമാക്കണമെന്നാണ്! യാത്രാസമയം കുറയ്ക്കുക എന്നതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്. അത്തരം പദ്ധതികളെ വസ്തുനിഷ്ഠമായി സമീപിക്കണംമെന്നും മാധവന്‍ അഭിപ്രായപ്പെടുന്നു.

കാണ്‍പുരില്‍നിന്നു ന്യൂഡല്‍ഹിയിലേക്ക് ഏറ്റവും വേഗത്തിലോടുന്ന ട്രെയിനെടുക്കുന്ന സമയം 5 മണിക്കൂര്‍ 27 മിനിറ്റാണ്; ദൂരം ഏതാണ്ട് 430 കിലോമീറ്റര്‍. അതിനെക്കാള്‍ കുറച്ചുമാത്രം ദൂരം കൂടുതലുള്ള തിരുവനന്തപുരം- കാസര്‍കോട് റൂട്ട് ഓടിയെത്താന്‍ ഏറ്റവും വേഗത്തിലുള്ള ട്രെയിനെടുക്കുന്ന സമയം 10 മണിക്കൂറിലേറെ. ദൂരം 574 കിലോമീറ്റര്‍. ആദ്യത്തെ ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറില്‍ 79 കിലോമീറ്റര്‍. തിരുവനന്തപുരത്തുനിന്നുള്ളതിന്റെ വേഗം 57 കിലോമീറ്റര്‍. കേരളത്തിലെ വണ്ടി കേരളത്തില്‍ മാത്രം ഓടുന്നതാണ്. ചരക്കുനീക്കത്തിന്റെ കാര്യത്തിലായാലും യാത്രക്കാരുടെ കാര്യത്തിലായാലും ഇന്ത്യയില്‍ ഏറ്റവും തിരക്കുള്ള ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നീ മഹാനഗരങ്ങളെ യോജിപ്പിക്കുന്ന പാതയിലാണ് കാണ്‍പൂര്‍ ജംക്ഷന്‍. ഒട്ടേറെ വ്യവസായകേന്ദ്രങ്ങളിലൂടെ ആ പാത കടന്നുപോകുന്നു -കേരളത്തിന് അകത്തും പുറത്തും ഓടുന്ന തീവണ്ടികളുടെ വേഗത താരതമ്യം ചെയ്തു കൊണ്ടു മുന്‍ ബിഹാര്‍ ചീഫ് സെക്രട്ടറി കൂടിയായ എന്‍.,എസ് മാധവന്‍ എഴുതുന്നു:

തിരുവനന്തപുരം- കാസര്‍കോട് യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കുന്നതാണു കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ റെയില്‍പദ്ധതി. അതെക്കുറിച്ചു പറയുമ്പോള്‍ ആദ്യത്തെ എതിര്‍വാദം നിലവിലെ വ്യവസ്ഥ പരിഷ്‌കരിച്ചു കുറച്ചുകൂടി വേഗം കൂട്ടിക്കൂടേ എന്നതാണ്. കേരള സര്‍ക്കാര്‍, നീതി ആയോഗ്, കേന്ദ്രസര്‍ക്കാര്‍, റെയില്‍വേ ബോര്‍ഡ്, വിദേശ സര്‍ക്കാരും അവിടത്തെ ധനകാര്യസ്ഥാപനങ്ങളും തുടങ്ങി പല കൈകളിലൂടെ കടന്നുപോയിട്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുക. നിലവിലെ സംവിധാനം മെച്ചപ്പെടുത്തി ചെലവു കുറയ്ക്കാനാകുമോ എന്നു തന്നെയായിരിക്കും അവര്‍ ആദ്യം പരിശോധിക്കുക. ഇതു സംബന്ധിച്ചു വിദഗ്ധര്‍ പറയുന്നത് വളഞ്ഞു പുളഞ്ഞു പോകുന്ന ഇപ്പോഴത്തെ അലൈന്‍മെന്റില്‍ വേഗം കൂട്ടുക ദുഷ്‌കരമാണെന്നാണ്. ഇതും പരിശോധനാവിഷയമാകും.

പരിസ്ഥിതിപ്രശ്നങ്ങളാണു മറ്റു ചിലര്‍ ഉന്നയിക്കുന്നത്. പരിസ്ഥിതി ആഘാതത്തെക്കുറിച്ചു പഠിക്കാനും തീര്‍പ്പു കല്‍പിക്കാനും ഇന്ത്യയില്‍ നിയമം നിര്‍ദേശിച്ചിട്ടുള്ള ഒരു പ്രക്രിയയുണ്ട്. അതിലൂടെ ഈ പദ്ധതിയും കടന്നുപോകട്ടെ. അല്ലാതെ, സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി പിളര്‍ത്തും എന്നു പറഞ്ഞിട്ടു കാര്യമില്ല. ആ കൃത്യം നിലവിലെ റെയില്‍പാതയും ദേശീയപാതകളും നിര്‍വഹിച്ചിട്ടു കാലം കുറച്ചായി.
 സില്‍വര്‍ലൈന്‍: സമഗ്ര പാരിസ്ഥിതിക ആഘാത
പഠനത്തിന് ഈ ക്യു എം.എസ് ഇന്ത്യ
 

സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാതയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് കേരളാ റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെ-റെയില്‍) ഈ ക്യു എം.എസ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയെ (Consortium) നിയോഗിച്ചു. പതിനാല് മാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കരാര്‍. ഇതിനുള്ള അംഗീകാര പത്രം കെ-റെയില്‍ ഈ ക്യു എം.എസ് ഇന്ത്യയ്ക്കു കൈമാറി. ഈ ക്യു എം.എസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഫെര്‍ ഡവലപ്മെന്റ് കണ്‍സല്‍ട്ടന്‍സി പ്രൈറ്റ് ലിമിറ്റഡ് എന്നിവയാണ് കൂട്ടായ്മയിലെ മറ്റു കമ്പനികള്‍.

അലഹാബാദ് മുതല്‍ ഹാല്‍ഡിയ വരെയുള്ള ദേശീയ ജലപാതയുടെ (ജല്‍ മാര്‍ഗ് വികാസ്) പദ്ധതിയുടെ ശേഷി വര്‍ധിപ്പക്കല്‍,  മുംബൈ മെട്രോ ലൈന്‍, കൊച്ചി മെട്രോയുടെ പേട്ട മുതല്‍ തൃപ്പൂണിത്തുറവരെയുള്ള ഒന്നാം ഘട്ട വികസനം, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫാ പാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ട വികസനം, ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജ്യണല്‍ റാപിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം (RRTS)  എന്നിവയുടെ പാരിസ്ഥിതിക, സാമൂഹിക സുരക്ഷാ പഠനങ്ങള്‍ നടത്തിയ കമ്പനിയാണ് ഈ.ക്യു.എം.എസ്.

നേരത്തെ, വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) തയാറാക്കുന്നതിന്റെ ഭാഗമായി ദ്രുത പാരിസ്ഥിതിക ആഘാത പഠനം (Rapid EIA )നടത്തിയിരുന്നു.

വിശദമായ പാരിസ്ഥിതിക ആഘാത പഠനം,  പുനരധിവാസ കര്‍മ പദ്ധതി (Resettlement Action Plan (RAP)) തദ്ദേശീയ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കര്‍മ പദ്ധതി (Indigenous People Plan (IPP). പരിസ്ഥിതി മാനേജ്മെന്റ് പദ്ധതി (Environment Management Plan (EMP) എന്നിവയാണ് കരാറില്‍ ഉള്‍പ്പെടുന്നത്.

529.45 കിലോമീറ്റര്‍ ദൂരത്തില്‍ കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ നീളുന്ന നിര്‍ദിഷ്ട അര്‍ധ  അതിവേഗ തീവണ്ടി പ്പാതയുടെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി പാരിസ്ഥിതിക ആഘാതങ്ങള്‍ കണ്ടെത്തുകയും അവ ലഘൂകരിക്കുന്നതിനുള്ള  പാരിസ്ഥിതിക മാനേജ്മെന്റ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് പഠനത്തിന്റെ ലക്ഷ്യം.

നിലവിലുള്ള ദേശീയ, സംസ്ഥാന നിയമങ്ങളുമായി ഒത്തു പോകുന്നതാണ് പദ്ധതിയെന്ന് പഠനം ഉറപ്പു വരുത്തും.  ലോകബാങ്കും എഡിബിയും ജെയ്കയും ഉള്‍പ്പെടെയുള്ള ധനകാര്യ ഏജന്‍സികളുടെ പാരിസ്ഥിതിക ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമായി  ഏതെങ്കിലും തരത്തിലുള്ള അന്തരമുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള ശുപാര്‍ശകളും പഠന റിപ്പോര്‍ട്ടിലുണ്ടാകും.

കൊച്ചു വേളി റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുനിന്ന് കാസര്‍കോട് അവസാനിക്കുന്ന ഇരട്ടപ്പാതയാണ് സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിര്‍മിക്കുന്നത്.  പതിനൊന്ന്  ജില്ലകളിലൂടെ കടന്നുപോകുന്ന പാളത്തില്‍, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റേഷനുണ്ടാകും.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുള്ള സി്ല്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നാലു മണിക്കൂറിനുള്ളില്‍ കാസര്‍കോടുനിന്ന് തിരിവനന്തപുരത്ത് എത്താന്‍ സാധിക്കും. സമ്പൂര്‍ണ ഹരിത പദ്ധതിയായായാണ് സില്‍വര്‍ ലൈന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
സില്‍വര്‍ലൈനിന് മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം
തിരുവനന്തപുരം: കേരളാ റെയില്‍ വികസന കോര്‍പറേഷന്റെ (കെ-റെയില്‍) അര്‍ധ അതിവേഗ തീവണ്ടിപ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് മുന്‍കൂര്‍ പാരിസ്ഥിക അനുമതി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാതെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബാംഗ്ലൂര്‍ മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞന്‍ ഡോ. മുരളീ കൃഷ്ണയാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പാരിസ്ഥിതിക അനുമതി കിട്ടുന്നതിനു മുമ്പ്, സില്‍വര്‍ലൈന്‍ പ്രൊജക്ടിന്റെ നിര്‍മാണാനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി.ആര്‍. ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ട കേസിലാണ് സത്യവാങ്മൂലം.

കാസര്‍കോട് മുതല്‍ തിരുവനന്തപുര 530 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന ഇരട്ടപ്പാതയാണ് നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതി. നാല് മണിക്കൂറിനുള്ളില്‍ കാസര്‍കോടുനിന്ന് തിരുവനനന്തപുരം എത്താമെന്നതാണ് പദ്ധതിയുടെ സവിശേഷത.

വിവിധ വികസന പദ്ധതികളുടെ പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ച് 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച  വിജ്ഞാപനത്തില്‍ റെയില്‍വേയോ റെയില്‍വേ പദ്ധതികളോ ഉള്‍പ്പെടുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

2006 സെപറ്റംബര്‍ പതിനാലിനാണ്  കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിനായന വകുപ്പു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവ്വിച്ചത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍,  ദേശീയ പാതകള്‍, കെട്ടിട നിര്‍മാണങ്ങള്‍ തുടങ്ങിയ 39 വികസന പദ്ധതികളും  പ്രവര്‍ത്തികളുമാണ് ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നത്. ഇക്കൂട്ടത്തില്‍ റെയില്‍വേയും റെയില്‍വേ പദ്ധതികളുമില്ല. അതുകൊണ്ട് തന്നെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് മുന്‍കൂര്‍ പാരിസ്ഥികാനുമതി ആവശ്യമില്ല -സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

നോയ്ഡ -ഗ്രേറ്റര്‍ നോയ്ഡ മെട്രൊ റെയില്‍ പദ്ധതിക്ക് പാരിസ്ഥികാനുമതി നേടണമെന്നുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പിന്നീട് സുപ്രിം കോടതി സ്റ്റേ ചെയ്ത കാര്യവും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
സംശയവും ഉത്തരവും

തീവണ്ടികളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ സില്‍വര്‍ലൈനിന് പ്രസക്തിയുണ്ടാകില്ല?


ഇന്ത്യന്‍ റെയില്‍വേ നിലവില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ദില്ലി-ആഗ്ര സെക്ടറില്‍ ഗതിമാന്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ എന്നീ സെക്ഷനുകളില്‍ വേഗത 130 കിലോമീറ്ററില്‍ നിന്ന് 160 കിലോമീറ്ററായി ഉയര്‍ത്താനും റെയില്‍വേക്ക് പദ്ധതിയുണ്ട്. നിലവിലെ റെയില്‍വേ പദ്ധതി പ്രകാരം, അടുത്ത ഘട്ടത്തില്‍ 130 കിലോമീറ്ററിലേക്ക് വേഗത വര്‍ദ്ധിപ്പിക്കുന്നതിന് ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ ലൈന്‍ (ദില്ലി, മുംബൈ, ചെന്നൈ, ഹൗറ എന്നിവയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്‍) ആണ് പരിഗണിക്കുന്നത്. നിലവില്‍ കേരളത്തിലെ റെയില്‍വേ സെക്ഷനുകളില്‍ ഒന്നും തന്നെ വേഗ പരിധി കൂട്ടുന്നതിന് റെയില്‍വേക്ക് പദ്ധതിയില്ല.

തിരുവനന്തപുരം-കാസര്‍ഗോഡ് സെക്ഷനുകളില്‍ ഇപ്പോള്‍ 626 വളവുകളുണ്ട്. ഇവയൊക്കെ നേരെയാക്കി നിലവിലുള്ള റെയില്‍ ഘടനകള്‍, പാലങ്ങള്‍, റെയില്‍ പാത എന്നിവ ശക്തിപ്പെടുത്തിയാല്‍ മാത്രമേ കേരളത്തിലെ റെയില്‍ ഗതാഗതം വേഗത്തിലാക്കാന്‍ കഴിയൂ. 

കേരളത്തിനു പുറത്തുള്ള സെക്ടറുകളില്‍ ശരാശരി 102  കിലോമീറ്ററില്‍ വേഗത്തില്‍ (നിസാമുദ്ദീന്‍ -കോട്ട) ഓടുന്ന രാജധാനി എക്‌സ്പ്രസ്  കേരളത്തിലെ പാതകളില്‍ ശരാശരി 57 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നതെന്ന് ഓര്‍ക്കണം. 
വെബിനാര്‍ 
 
സില്‍വര്‍ലൈന്‍ ഐടി ഇനാഴികളെ ബന്ധിപ്പിക്കും -എം.ഡി

സില്‍വര്‍ലൈന്‍ സെമി ഹൈ-സ്പീഡ് റെയില്‍ കേരളത്തിന്റെ ഐടി ഇടനാഴിയെ ബന്ധിപ്പിക്കുമെന്ന് കെ-റെയില്‍ എം.ഡി. ശ്രീ വി. അജിത് കുമാര്‍.

സില്‍വര്‍ലൈന്‍ സെമി ഹൈ-സ്പീഡ് റെയില്‍ പദ്ധതിയുടെ സവിശേഷതകളെക്കുറിച്ചു ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനികളടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനികള്‍-കേരള (ജി ടെക്)  അവരുടെ വെബിനാര്‍ പരമ്പരയുടെ ഭാഗമായാണ് വെബിനാര്‍ സംഘടിപ്പിച്ചത്. 

പദ്ധതി കേരളത്തിലെ ഐടി വ്യവസായത്തിന് എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്നതും എം.ഡി വിശദമാക്കി.

സെപ്റ്റംബര്‍ 14 നു വൈകുന്നേരം 3.30 നു  സംഘടിപ്പിച്ചത്. പദ്ധതിയുടെ വിശദമായ അവതരണത്തിനുശേഷം സദസ്സില്‍ നിന്നും വന്ന ചോദ്യങ്ങള്‍കുള്ള ഉത്തരങ്ങളും എം ഡി നല്‍കി.

കെ-റെയില്‍- സില്‍വര്‍ലൈന്‍ പദ്ധതി

കേരള മാനേജ്‌മെന്റ് അസോസിയേഷനും (KMA) കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (KRDCL) സെപ്റ്റംബര്‍ 28-ന് കെ-റെയില്‍-കേരളത്തിന്റെ സില്‍വര്‍ലൈന്‍ പദ്ധതി എന്ന വിഷയത്തില്‍ കെ-റെയില്‍ എംഡി ശ്രീ വി അജിത്കുമാറിന്റെ പ്രഭാഷണം സംഘടിപ്പിച്ചു. നൂതനമായ സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തിനകത്തെ യാത്രകളെ എങ്ങനെ വേഗത്തിലാക്കുമെന്നും അത് സംസ്ഥാനത്തെ എല്ലാ ജീവിത മേഖലകളിലും കൊണ്ടുവരുന്ന ആരോഗ്യകരമായ പുരോഗതിയെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു.

https://www.youtube.com/watch?v=ZGoI_3wDCwY
വിഡിയോ 
സില്‍വര്‍ലൈന്‍ 'ലിഡാര്‍' (LiDAR) സര്‍വ്വേ  

സില്‍വര്‍ലൈനിന്റെ പാതാ വിന്യാസം ശാസ്ത്രീയമായും സൂക്ഷ്മമായും നിര്‍ണ്ണയിച്ചിരിക്കുന്നത് 'ലിഡാര്‍' (LiDAR) എന്ന റിമോട്ട് സെന്‍സിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഇതിനായി, പാര്‍ട്ടിനേവിയ P68 വിമാനം പാതയുടെ  530 കിലോമീറ്റര്‍ ദൂരത്തില്‍ പറക്കുകയും ഭൂപ്രകൃതി നിര്‍ണ്ണയിക്കുകയും ചെയ്തു. സില്‍വര്‍ലൈനിനായി നടത്തിയ ലിഡാര്‍ സര്‍വേയുടെ പ്രക്രിയ വിശദമായി വിവരിക്കുന്നതാണ് ഈ വിഡിയോ.
സമൂഹമാധ്യമങ്ങളിൽ 
വാർത്തകളിൽ
എഡിറ്റർ: പി ടി മുഹമ്മദ് സാദിഖ് , പി.ആർ.കോ-ഓർഡിനേറ്റർ.
വിലാസം: കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്
അഞ്ചാംനില, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തൈക്കാട് പി.ഒ,
തിരുവനന്തപുരം, കേരളം-695014
ഇ-മെയിൽ: info@keralarail.com;  
ഫോൺ: 0471  232 4330 / 232 6330  
ഫാക്‌സ്: 0471 232 5330.

  
Website
Website
Facebook
Facebook
Twitter
Twitter
LinkedIn
LinkedIn
Instagram
Instagram
YouTube
YouTube
CLICK HERE TO VIEW THIS IN YOUR BROSWER