CLICK HERE TO VIEW IN YOUR BROWSER

കെ-റെയിലിനെക്കുറിച്ച്

ട്രെയിൻ ഗതാഗതരംഗത്ത് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുവാൻ വേണ്ടി  സംസ്ഥാന ഗവൺമെന്റിന്റെയും റെയിൽവെ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ രൂപീകൃതമായ സംയുക്തസംരംഭമാണ് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ). റെയിൽവെയുടെ അടിസ്ഥാന സൗകര്യ വികസനം, പുനർവികസനം, പ്രവർത്തനം, പരിപാലനം എന്നീ മേഖലകളിലും യാത്രികർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതിക സാഹചര്യമൊരുക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന പ്രമുഖ സ്ഥാപനമാവാനാണ് കെ-റെയിൽ ലക്ഷ്യമിടുന്നത്. 
ഏറ്റവും മികച്ച സാങ്കേതികവിദ്യകളും സാമ്പത്തികനയവൈദഗ്ദ്ധ്യവും പരമാവധി വിഭവശേഷി വിനിയോഗവും അനുവർത്തിച്ച് സുരക്ഷ, സുഖസൗകര്യം, കാര്യക്ഷമത, മൂല്യാധിഷ്ഠിതസേവനങ്ങൾ എന്നിവ ഉന്നത നിലവാരത്തിൽ പ്രദാനം ചെയ്തുള്ള പദ്ധതി പൂർത്തീകരണവും കെ-റെയിലിന്റെ പ്രത്യേകതയാണ്.

സംഭവങ്ങളും സമകാലികവിവരങ്ങളും

ഭരണാനുമതിയായി; ഇനി കുതിക്കാം യാഥാർത്ഥ്യത്തിലേക്ക്...
കേരളത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന അഭിലാഷപദ്ധതിയായ തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവേഗ റെയിൽ ഇടനാഴി(സിൽവർലൈൻ) ഒടുവിൽ സ്വപ്‌നകുതിപ്പിലേക്ക്. പദ്ധതിയ്ക്കായുള്ള ഭൂമിയേറ്റെടുക്കലിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാൻ സംസ്ഥാനമന്ത്രിസഭ അനുമതി നൽകി. സംസ്ഥാനസർക്കാർ വിഹിതമായ 2100 രൂപ കിഫ്ബിയിൽ നിന്നും വായ്പയെടുക്കുന്നതിന് ഭരണാനുമതി നൽകാനും ജൂൺ 9-ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി സാമൂഹികാഘാത പഠനം, ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ പൊതുഅദാലത്ത് തുടങ്ങിയവ നടത്തും.അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 33,700 കോടി രൂപ വായ്പ സമാഹരിക്കുന്നതിന് റെയിൽവെ ബോർഡ്, നീതി ആയോഗ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്റിച്ചർ എന്നിവ ഇതിനകം പിന്തുണയേകി കേന്ദ്രധനമന്ത്രാലയത്തിന് ശുപാർശ ചെയ്തിരുന്നു. സിൽവർലൈൻ പാതയിൽ തിരുവനന്തപുരം കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്തെ ഒന്നാംഘട്ട സ്ഥലമേറ്റെടുക്കലിനായി ഹഡ്‌കോ മൂവായിരം കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവെ ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയ്ക്ക് കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ അന്തിമഅനുമതി കൂടി ഉടനടി ലഭ്യമാവുന്നതോടെ സിൽവർലൈൻ കോവിഡാനന്തര കേരളത്തിന്റെ സാമ്പത്തികാവൃദ്ധിയ്ക്ക് പുത്തനുണർവേകും.
 ബൃഹദ്പദ്ധതികൾക്ക് പ്രത്യേക പരിഗണന- മുഖ്യമന്ത്രി 
സംസ്ഥാനത്തിന്റെ വികസനം മുൻനിർത്തി സിൽവർലൈൻ ഉൾപ്പെടെയുള്ള ബൃഹദ്പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ. മെയ് 26-ന് ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ പറ്റുന്ന പ്രധാന പദ്ധതികൾ പൂർത്തിയാക്കാനുള്ള ഇടപെടലുകൾ ഉണ്ടാവണം. കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി, എറണാകുളം മംഗലാപുരം വ്യവസായ ഇടനാഴി എന്നിവയുടെ കാര്യത്തിൽ തുടർനടപടികൾ ഉണ്ടാവണം. സെമിഹൈ സ്പീഡ് റെയിൽവെ വലിയ സ്വീകാര്യതയുണ്ടാക്കിയ പദ്ധതിയാണ്. തീരദേശ, മലയോര ഹൈവേകളെല്ലാം വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കുക. ഇവയ്‌ക്കെല്ലാം പ്രാധാന്യം കൊടുത്ത് നീങ്ങണമെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്' എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
 സിൽവർലൈൻ കേരളത്തിന്റെ മാതൃകാപദ്ധതി- ഗവർണർ 
ചെലവ് കുറഞ്ഞ അർദ്ധ അതിവേഗ റെയിൽ യാത്ര സംസ്ഥാനത്ത് ആദ്യമായി സാധ്യമാക്കുന്ന സിൽവർലൈൻ സംസ്ഥാനസർക്കാർ വിഭാവനം ചെയ്ത മാതൃകാ അഭിലാഷ പദ്ധതിയാണെന്ന് ആദരണീയനായ കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് നിന്നും കാസർഗോഡിലേക്കുള്ള യാത്രാസമയം നിലവിലെ 12 മണിക്കൂറിൽ നിന്ന് വെറും നാല് മണിക്കൂറായി കുറച്ചുകൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ഗതാഗതമാർഗമൊരുക്കുന്ന ഗെയിം ചേഞ്ചറാവും സിൽവർലൈൻ. കേരള നിയമസഭയിൽ മെയ് 28-ന് നടന്ന സംസ്ഥാന സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സിൽവർലൈനിന്റെ സാമൂഹികാഘാതപഠനം
വേഗത്തിലാക്കണം മുഖ്യമന്ത്രി
കോവിഡ് കാരണം നഷ്ടപ്പെട്ടുപോയ സമയവും വേഗതയും തിരിച്ചുപിടിച്ച് സർക്കാറിന്റെ മുൻഗണനാ പദ്ധതികൾ സമയ ബന്ധിതമായി തീർക്കാൻ പ്രാപ്തമാകണം എന്ന്   ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ. ജൂൺ 16-ന് തിരുവനന്തപുരത്ത് നടന്ന മുൻഗണനാ പദ്ധതികളുടെ അവലോകന യോഗത്തിൽ ജില്ലാ കളക്ടർമാരോടും വകുപ്പ് സെക്രട്ടറിമാരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യപരിഗണന നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സിൽവർലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സിൽവർലൈൻ പൂർത്തീകരണത്തിന്
മുൻഗണന- റെയിൽവെ മന്ത്രി
തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവേഗ റെയിൽ ഇടനാഴി(സിൽവർലൈൻ) പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് റെയിൽവെ മന്ത്രി ശ്രീ.വി.അബ്ദുറഹിമാൻ.
സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് നിന്നും വടക്കോട്ടും തിരിച്ചുമുള്ള അതിവേഗയാത്രയ്ക്ക് സിൽവർലൈൻ വഴിയൊരുക്കും. റെയിൽവെ വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കൂടുതൽ വികസനപദ്ധതികൾ പിന്നീട് വെളിപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.  
 
വൻകിടപദ്ധതികൾക്കായി സ്വതന്ത്രവകുപ്പ്
വൻകിട പദ്ധതികളുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി മുഖ്യമന്ത്രിയ്ക്ക് കീഴിൽ പ്രത്യേക സ്വതന്ത്രവകുപ്പ് രൂപവത്കരിച്ചു. ബൃഹദ് പദ്ധതികളുടെ പുരോഗതി ഇനി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതോടെ പദ്ധതികളുടെ അനുമതി, നിർവഹണം, നടപടിക്രമങ്ങൾ എന്നിവ സുഗമമാവും.
വലിയ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിച്ചിരുന്ന ഉപവകുപ്പായ ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിനെ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് കീഴിൽ പ്രത്യേക സ്വതന്ത്രവകുപ്പാക്കി മാറ്റി പൊതുഭരണവകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
വാട്ടർമെട്രോ സിൽവർലൈനുമായി സംയോജിപ്പിക്കാൻ ധാരണ
വാട്ടർമെട്രോ സർവീസിന്റെ കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ടെർമിനൽ നിർദിഷ്ട സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽപാത ടെർമിനലിനോട് ചേർന്ന് വരുന്ന നിലയിൽ നിർമ്മിക്കാൻ ധാരണ. ഇതോടെ വാട്ടർമെട്രോ, മെട്രോ റെയിൽ, അർദ്ധ അതിവേഗ റെയിൽ ഇടനാഴി, ബസ് ടെർമിനൽ എന്നിവ സംയോജിക്കുന്ന രാജ്യത്തെ തന്നെ ഏക യാത്രാ ഹബ്ബായി ഇൻഫോപാർക്കിന് സമീപത്തെ ടെർമിനർ മാറും.
നിലവിൽ വാട്ടർമെട്രോയുടെ കാക്കനാട്, വൈറ്റില എന്നീ ടെർമിനലുകൾ നിർമാണം പൂർത്തിയായി സർവീസ് തുടങ്ങാൻ സജ്ജമായിക്കഴിഞ്ഞെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചിട്ടുണ്ട്.    
സിൽവർലൈനിന്റെ ഹരിതവശങ്ങൾ ചർച്ച ചെയ്ത് 'ഗ്രീൻ സിഗ്‌നൽ'
തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിന്റെ ഹരിതവശങ്ങൾ വിശദമാക്കി 'ഗ്രീൻ സിഗ്‌നൽ'' വെബ്ബിനാർ. നിർമ്മാണഘട്ടത്തിലും പ്രവർത്തന ഘട്ടത്തിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പരിസ്ഥിതി സൗഹൃദമായി വിഭാവനം ചെയ്യുന്ന സിൽവർലൈനിലൂടെ, ഒരു സുസ്ഥിര വികസന മാതൃകയാണ് കേരളം മുന്നോട്ട് വെക്കുന്നതെന്നും വെബ്ബിനാർ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ 'പാരിസ്ഥിതിക വശങ്ങൾ' വിശദമാക്കാൻ പരിസ്ഥിതി ദിനമായ ജൂൺ 5-ന് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ സംഘടിപ്പിച്ച വെബ്ബിനാർ പ്രഭാഷകരുടെ തുറന്ന സംവാദത്തിനും വേദിയൊരുക്കി. സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് സുവ്യക്തമായ അവബോധം സൃഷ്ടിക്കുന്നതിനായി കെ.ആർ.ഡി.സി.എൽ സംഘടിപ്പിക്കുന്ന *കെ-റെയിൽ ടോക്‌സ്* ഓൺലൈൻ സംവാദ പരമ്പരയുടെ ഭാഗമായാണ് 'ഗ്രീൻ സിഗ്‌നൽ' അരങ്ങേറിയത്.

നാടിന്റെ സുസ്ഥിരവികസനം സാധ്യമാക്കാൻ സിൽവർലൈൻ പോലുള്ള ഗതാഗതസംവിധാനം അനിവാര്യതയാണെന്ന് വെബ്ബിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റൈനബിൾ ഡവലപ്‌മെന്റ് ആൻഡ് ഗവേണൻസ് അധ്യക്ഷനും യു.എൻ.ഡിപി ഗ്ലോബൽ പ്രോഗ്രാം മുൻ തലവനുമായ ജോൺ സാമുവൽ അടൂർ അഭിപ്രായപ്പെട്ടു. അർദ്ധ അതിവേഗ റെയിൽ ഇടനാഴിയെന്ന ആശയം മികച്ചതാണെങ്കിലും അത് നടപ്പാക്കേണ്ടത് പൊതുജനങ്ങളുമായി കൂടിയാലോചന നടത്തി അവരുടെ ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമാവണമെന്ന് ജെ.എസ്.അടൂർ കൂട്ടിച്ചേർത്തു.

മേൽപ്പാത, തുരങ്കം, വയഡക്ട് എന്നിവയിലൂടെയല്ലാതെ ട്രെയിൻ കടന്നുപോവുന്ന സ്ഥലങ്ങളിൽ ഓരോ അഞ്ഞൂറുമീറ്ററിലും റെയിൽപാത മുറിച്ചുകടക്കാൻ സൗകര്യമൊരുക്കുമെന്നിരിക്കെ സിൽവർലൈൻ കേരളത്തെ രണ്ടായി വേർതിരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വെബ്ബിനാറിൽ മോഡറേറ്ററായ കെ-റെയിൽ ജനറൽ മാനേജർ (സിവിൽ) ജോസഫ് കെ.ജെ അഭിപ്രായപ്പെട്ടു. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത പ്രചാരണങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിച്ച് അവരുടെ ആശങ്കയകറ്റാനാണ് കെ-റെയിൽ ശ്രമിക്കുന്നത്. വിശദമായ പാരിസ്ഥിതി, സാമൂഹികാഘാത പഠനം നടത്തി അന്തിമ അനുമതിയ്ക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയ്ക്കാവശ്യമായ ഭൂമിയേറ്റെടുക്കലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാരിസ്ഥിതികമായ എല്ലാ വശങ്ങളും വിശദമായി അപഗ്രഥിച്ചാണ് സിൽവർലൈൻ പദ്ധതിയ്ക്കായി ത്വരിത പാരിസ്ഥിതിക ആഘാത നിർണയ പഠനം നടത്തിയതെന്നും കാർബൺ ബഹിർഗമനം പരാമവധി കുറയ്ക്കുന്ന നിർമാണ, പ്രവർത്തന രീതി അവലംബിക്കുന്ന സിൽവർലൈൻ ഹരിത പദ്ധതിയായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും സെന്റർ ഫോർ എൻവൺമെൻറ് ആൻഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഡയറക്ടർ ഡോ.വിനോദ്.ടി.ആർ വ്യക്തമാക്കി. പൂർണമായും ഹരിത ഇടനാഴിയായി വിഭാവനം ചെയ്ത സിൽവർലൈൻ കാർബൺ ബഹിർഗമനം കുറച്ചും ഇന്ധനലാഭത്തിന് വഴിയൊരുക്കിയും നാടിന് ഒരു ഹരിത മാതൃകയാവുമെന്ന് പദ്ധതി അവതരണം നിർവഹിച്ച കെ-റെയിൽ ജോയിന്റ് ജനറൽ മാനേജരും കമ്പനി സെക്രട്ടറിയുമായ ജി. അനിൽ കുമാർ അഭിപ്രായപ്പെട്ടു.

പാരിസ്ഥിതിക, സാമ്പത്തിക വശങ്ങൾ ഉൾപ്പെടെ എല്ലാ തലങ്ങളും പരിഗണിച്ചുകൊണ്ടുള്ള ഒരു സമീപനത്തിലൂടെ സിൽവർലൈൻ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന നിർദ്ദേശമാണ് സെന്റർ ഫോർ എൻവൺമെൻറ് ആൻഡ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ബാബു അമ്പാട്ട് വെബ്ബിനാറിൽ മുന്നോട്ട് വെച്ചത്. വെബ്ബിനാറിൽ പാരിസ്ഥിതിക വശങ്ങൾ സംബന്ധിച്ച ജനങ്ങളുടെ ചോദ്യങ്ങൾക്ക് ജോസഫ് കെ.ജെ, ഡോ.വിനോദ് ടി.ആർ, ജി.അനിൽകുമാർ എന്നിവർ മറുപടി നൽകി.    
എൽ.ടി.ഇ-ആർ എന്ന അതിനൂതന ആശയവിനിമയ മാനദണ്ഡം
 
തോമസ് ജോസഫ് തണ്ടപ്രാൽ
(പ്രൊജക്ട് മാനേജ്‌മെന്റ്/റെയിൽ സിസ്റ്റംസ് എക്‌സ്‌പേർട്ട്, സിസ്ട്ര)

 
കെ.ആർ.ഡി.സി.എലിന്റെ സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽവെ പദ്ധതിയിൽ ലോങ് ടേം എവല്യൂഷൻ-റെയിൽവെ (എൽ.ടി.ഇ-ആർ) എന്ന അതിനൂതന ആശയവിനിമയ മാനദണ്ഡമാണ് സുരക്ഷിതവും സുഗമമവുമായ ട്രെയിനിന്റെ പ്രവർത്തന,നിയന്ത്രണത്തിനും വിടുതലിനും വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ യാത്രക്കാരുടെ വിവര സംവിധാനം, സിസി ടിവി, മറ്റ് അനുബന്ധ റെയിൽ സേവനങ്ങൾ എന്നിവയെ മെച്ചപ്പെടുത്താനായും എൽ.ടി.ഇ-ആർ പ്രയോജനപ്പെടും.

എന്താണ് എൽടിഇ-ആർ?

അതിനൂതനമായ ഈ ആശയവിനിമയ മാനദണ്ഡം റെയിൽവെ സംവിധാനത്തിലെ അതിവേഗവും സുരക്ഷിതത്വും കൂടുതൽ ശേഷിയുമുള്ള ഒരു വയർരഹിത വിവരവിനിമയ സംവിധാനത്തെ ഉപയോഗപ്പെടുത്താനാണ് അവലംബിക്കുന്നത്. ഇതിന് പുറമെ ട്രെയിൻ നിയന്ത്രണ സംവിധാനങ്ങളിലെ സ്ഥിരതയെയും ഡാറ്റാ എൻക്രിപ്ഷനെയും സർവോപരി സുരക്ഷയെയും വർധിപ്പിക്കുന്നതിന് എൽ.ടി.ഇ-ആർ സഹായകരമാവും. എൽ.ടി.ഇ-ആർ എന്ന നൂതന സംവിധാനം ഉപയോഗിച്ച് കൊണ്ട് തന്നെയാണ് യൂറോപ്യൻ ട്രെയിൻ നിയന്ത്രണ സംവിധാനം (ഇ.ടി.സി.എസ് ലെവൽ 2) സിൽവർലൈനിൽ നടപ്പിലാക്കാൻ വിഭാവനം ചെയ്യുന്നത്. എൽ.ടി.ഇ-ആർ നിലവിലുള്ള ജി.എസ്.എം-ആർ സേവനങ്ങളെ പിന്തുണയ്ക്കുകയും എൻഡ് ടു എൻഡ് സേവനങ്ങളെ സഹായിക്കുകയും അതിന്റെ വിശ്വാസ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

എൽ.ടി.ഇ-ആറിന്റെ പ്രത്യേകതകൾ

ട്രെയിനുകൾക്കുള്ളിലും ട്രെയിനുകൾ തമ്മിലും സ്റ്റേഷൻ സംവിധാനങ്ങളുമായും അതിവേഗത്തിൽ വയർരഹിതമായി ശബ്ദവും ഡാറ്റയും വിനിമയം ചെയ്യാൻ എൽ.ടി.ഇ-ആർ സഹായിക്കുന്നു. ഈ സംവിധാനം ലോക്കോ പൈലറ്റുകൾ, നിയന്ത്രണകേന്ദ്രത്തിലെ ഓപ്പറേറ്റർമാർ, പരിപാലനവിഭാഗം, മറ്റ് റെയിൽവെ ജീവനക്കാർ എന്നിവർക്കിടയിൽ ശബ്ദആശയവിനിമയത്തെയും സംപ്രേക്ഷണത്തെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ട്രെയിൻ കൺട്രോൾ സിഗ്‌നലിംഗിനും മറ്റ് പ്രവർത്തനത്തിനും പരിപാലനത്തിനുമായി ഡാറ്റാ ആശയവിനിമയം, ശബ്ദ ആശയവിനിമയ സമയത്ത് ടെക്സ്റ്റ് സന്ദേശമയയ്ക്കൽ, വയർലെസ് വീഡിയോ നിരീക്ഷണത്തിനായുള്ള മൾട്ടിമീഡിയ ആശയവിനിമയം, യാത്രക്കാരുടെ വിവരങ്ങൾ, വിനോദ സേവനങ്ങൾ എന്നിവ ഇതുവഴി ലഭ്യമാവുന്നു.ഓർത്തോഗണൽ ഫ്രീക്വൻസി ഡിവിഷൻ മൾട്ടിപ്ലക്‌സിംഗ് സബ് കാരിയർ ഷെഡ്യൂളിംഗ് ഉപയോഗിച്ച് എൽ.ടി.ഇ-ആർ അനാവശ്യ ഫ്രീക്വൻസി ഇടപെടലുകൾ കണ്ടെത്തി തടയുന്നു.

അതായത് അത്യാധുനികമായ രീതിയിൽ ആശയവിനിമയത്തിന് വഴിയൊരുക്കുന്നതിനൊപ്പം അതിസുരക്ഷ പ്രദാനം ചെയ്യുന്ന ആശയവിനിമയ മാനദണ്ഡമാണ് സിൽവർലൈനിൽ വിഭാവനം ചെയ്യുന്ന എൽ.ടി.ഇ-ആർ.
വിദഗ്ധർ സംസാരിക്കുന്നു

കേരളത്തിന് ഏറ്റവും അനുയോജ്യമായ ഗതാഗതപദ്ധതി

എന്ത് കൊണ്ടാണ് കേരളത്തിന് സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയാണ് അനുയോജ്യം എന്ന് കാര്യകാരണസഹിതം വിശദീകരിക്കുകയാണ് റോളിങ്ങ് സ്റ്റോക്ക് വിദഗ്ദ്ധനായ ശ്രീ. പ്രിയേഷ്.

സിൽവർലൈൻ റൈഡർഷിപ്പ് സർവ്വേ

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി നടത്തിയ 'റൈഡർഷിപ്പ് സർവ്വേ'യെക്കുറിച്ചു വിശദമാക്കുകയാണ് സിസ്ട്രയുടെ ട്രാൻസ്‌പോർട് പ്ലാനർ ആയ ശ്രീ. അരുൺ സാവി ഈ വീഡിയോയിൽ.
സാങ്കേതിക യാഥാർത്ഥ്യങ്ങൾ
സിൽവർലൈൻ ലാഭിക്കുന്ന കാര്യങ്ങൾ

* യാത്രാസമയം
* വാഹനങ്ങളുടെ പ്രവർത്തന ചെലവ്
* അപകടങ്ങൾ കാരണമുണ്ടാവുന്ന ചെലവ്
* പരിസ്ഥിതി മലിനീകരണവും ഗതാഗതകുരുക്കും
കുറയുന്നത് വഴിയുള്ള ലാഭം
പ്രചാരണവും യാഥാർത്ഥ്യവും
പ്രചാരണം:

പാരിസ്ഥിതിക ആഘാത നിർണയപഠനം നടത്തിയ ഏജൻസിയ്ക്ക് അതിനുള്ള അംഗീകാരമില്ല!

യാഥാർത്ഥ്യം: 

2006 ലെ ഇ.ഐ.എ വിജ്ഞാപനപ്രകാരം പാരിസ്ഥിതിക ആഘാത നിർണയ പഠനം ആവശ്യമുള്ള പദ്ധതികൾ ഉൾപ്പെടുന്ന ഷെഡ്യൂൾ ഒന്നിൽ റെയിൽവെ പദ്ധതികൾ ഉൾപ്പെടാത്തതിനാൽ, റെയിൽവെ പദ്ധതികളുടെ പാരിസ്ഥിതിക ആഘാത നിർണയ പഠനത്തിനായി ഒരു ഏജൻസിയ്ക്ക് പോലും അക്രഡിറ്റേഷൻ രാജ്യത്ത് നിലവിലില്ല. എങ്കിൽപോലും പരിസ്ഥിതി സംരക്ഷണത്തിനായുള്ള കടമ ഉൾക്കൊണ്ടാണ് കെ-റെയിൽ സിൽവർലൈനിനായി ത്വരിത പാരിസ്ഥിതിക ആഘാത നിർണയ പഠനങ്ങൾ നടത്തുന്നത്.
സിൽവർലൈൻ സ്‌റ്റേഷനുകൾ
സിൽവർലൈൻ അലെയ്ൻമെന്റ്
സമൂഹമാധ്യമങ്ങളിൽ സിൽവർലൈൻ
സിൽവർലൈൻ വാർത്തകളിൽ 
എഡിറ്റർ: ശ്രീശാന്ത്.എസ്, പി.ആർ.കോ-ഓർഡിനേറ്റർ.
വിലാസം: കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്
അഞ്ചാംനില, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തൈക്കാട് പി.ഒ,
തിരുവനന്തപുരം, കേരളം-695014
ഇ-മെയിൽ: info@keralarail.com;
ഫോൺ: 0471 232 4330 / 232 6330
ഫാക്‌സ്: 0471 232 5330

  
Website
Website
Facebook
Facebook
Twitter
Twitter
LinkedIn
LinkedIn
Instagram
Instagram
YouTube
YouTube
CLICK HERE TO VIEW THIS IN YOUR BROSWER