CLICK HERE TO OPEN IN YOUR BROWSER
കെ-റെയിലിനെക്കുറിച്ച്
ട്രെയിൻ ഗതാഗതരംഗത്ത് അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനായി സംസ്ഥാന ഗവൺമെന്റിന്റെയും റെയിൽവെ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ രൂപീകൃതമായ സംയുക്തസംരംഭമാണ് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ).
റെയിൽവെയുടെ അടിസ്ഥാന സൗകര്യവികസനം, പുനർവികസനം,പ്രവർത്തനം, പരിപാലനം എന്നീ മേഖലകളിലും യാത്രികർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതികസാഹചര്യമൊരുക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന പ്രമുഖ സ്ഥാപനമാവാനാണ് കെ-റെയിൽ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യകളും സാമ്പത്തികനയവൈദഗ്ദ്ധ്യവും പരമാവധി വിഭവശേഷി വിനിയോഗവും അനുവർത്തിച്ച് സുരക്ഷ, സുഖസൗകര്യം, കാര്യക്ഷമത, മൂല്യാധിഷ്ഠിതസേവനങ്ങൾ എന്നിവ ഉന്നത നിലവാരത്തിൽ പ്രദാനം ചെയ്തുള്ള പദ്ധതി പൂർത്തീകരണവും കെ-റെയിലിന്റെ പ്രത്യേകതയാണ്.

സംഭവങ്ങളും സമകാലികവിവരങ്ങളും

ഹൃദ്യമായ അഭിനന്ദനങ്ങൾ
2021 മെയ് 20-ന് സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാനത്ത് അധികാരമേറ്റെടുത്ത മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിനും റെയിൽവെമന്ത്രി ശ്രീ.വി.അബ്ദുറഹ്മാനും കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ.
സിൽവർലൈനുമായി സർക്കാർ മുന്നോട്ട് തന്നെ പോവും-മുഖ്യമന്ത്രി
തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവേഗ റെയിൽ ഇടനാഴി (സിൽവർലൈൻ) പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് തന്നെ പോവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തുടർച്ചയായ രണ്ടാംതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി മെയ് 20-ന് സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തുടർച്ചയുണ്ടായ സാഹചര്യത്തിൽ സിൽവർലൈൻ പദ്ധതിയ്ക്ക് പുതിയ ഗതിവിഗതികൾ തീർച്ചയായും ഉണ്ടാവും. നമ്മുടെ നാടിന്റെ പുരോഗതിയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് സിൽവർലൈൻ പോലുള്ള പദ്ധതികൾ. അതിനാൽ അത്തരം പദ്ധതികൾ നല്ല രീതിയിൽ തന്നെ നടപ്പാക്കുന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എം.ഡിയുടെ ചേംബറിൽ നിന്ന്

ഒന്നിക്കാം, ഒരു മനസ്സോടെ; ഈ അഭിലാഷപദ്ധതിയ്ക്കായി

ഏതൊരു നാടിന്റെയും സർവതോൻമുഖമായ പുരോഗതിയ്ക്ക് അടിസ്ഥാനശിലയിടാൻ, ഒരു മാതൃകാ സുസ്ഥിര വികസന പദ്ധതി അനിവാര്യതയാണ്. ഗതാഗതരംഗത്തെ വിപ്ലവാത്മക പരിണാമം വഴി അഭൂതപൂർവ്വമായ വികസനം കൈവരിച്ച നിരവധി നാടുകൾ മാതൃകകളായി നമുക്ക് മുന്നിലുണ്ട്.
പൊതുനിരത്തുകൾ ഗതാഗതകുരുക്കിൽ വീർപ്പുമുട്ടുന്ന കേരളം പോലുള്ള സംസ്ഥാനത്തിന് ഗതാഗതരംഗത്ത് ഒരു മാറ്റത്തിന്റെ ആവശ്യകതയുണ്ട്. 
ഭാവി മുന്നിൽകണ്ടുള്ള സമഗ്രവികസനത്തിന് നിലവിലെ അപര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി ഗതാഗതസംവിധാനത്തെ നവീകരിക്കേണ്ടതുണ്ട്.
കേരളത്തിന് അത്തരമൊരു പുതിയമുഖം സമ്മാനിക്കുന്ന അഭിലാഷപദ്ധതിയാണ് സിൽവർലൈൻ എന്ന നിർദ്ദിഷ്ട അർദ്ധ അതിവേഗ റെയിൽ ഇടനാഴി. പരിസ്ഥിതി സൗഹൃദവും, സാമൂഹിക ഉത്തരവാദിത്തമുള്ളതും കേരളത്തിന് താങ്ങാനാവുന്നതുമായ സിൽവർലൈൻ പദ്ധതി സംസ്ഥാനത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതും ഭാവിയിലെ സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതുമാണ്. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിനൊപ്പം വ്യാവസായിക വികസനവും സാധ്യമാക്കുന്ന ഈ അഭിലാഷ പദ്ധതി കോവിഡാനന്തര കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗതിവേഗമേകാൻ പ്രാ്പ്തിയുള്ളതാണ്.

അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ സമാഹരിക്കുന്നതിന് റെയിൽവെ ബോർഡ്, നീതി ആയോഗ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്റിച്ചർ എന്നിവ ഇതിനകം പിന്തുണയറിയിച്ച് കേന്ദ്രധനമന്ത്രാലയത്തിന് ശുപാർശ നൽകിക്കഴിഞ്ഞ സിൽവർലൈൻ യാഥാർത്ഥ്യത്തിലേക്ക് അതിവേഗം അടുക്കുകയാണ്. കൊച്ചുവേളി-ചെങ്ങന്നൂർ ഭാഗത്തെ ഒന്നാംഘട്ട സ്ഥലമേറ്റെടുക്കലിനായി 3000 കോടി രൂപയുടെ ഹഡ്‌കോ വായ്പ അനുവദിച്ചത് പ്രാരംഭനടപടികൾക്ക് ഗതിവേഗം പകർന്നുകഴിഞ്ഞു. റെയിൽ ഇടനാഴി കടന്നുപോവുന്ന പാതയിലെ ഭൂമിയേറ്റെടുക്കലിന് പുതിയ മന്ത്രിസഭയുടെ ഭരണാനുമതിയും, റെയിൽവെ ബോർഡിന്റെ തത്വത്തിലുള്ള അംഗീകാരത്തിന് പിന്നാലെ കേന്ദ്രത്തിന്റെ അന്തിമ അനുമതിയും ലഭ്യമായാൽ നാടിന്റെ വികസനചരിത്രത്തിന് തിലകക്കുറിയാവും ഈ മാതൃകാ ഹരിത ഗതാഗത പദ്ധതി.

സിൽവർലൈൻ യാഥാർത്ഥ്യത്തിന്റെ ട്രാക്കിലേക്ക് നീങ്ങിയതോടെ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തി ജനങ്ങളിൽ അനാവശ്യ ആശങ്കയുടെ വിത്തുപാകാനുള്ള ആസൂത്രിത ശ്രമങ്ങൾ ചില കോണുകളിൽ നിന്ന് അരങ്ങേറുന്നുവെന്നത് ദൗർഭാഗ്യകരമാണ്. നാടിന്റെ മുഖച്ഛായ മാറ്റാനുതകുന്ന ഏതൊരു പദ്ധതിയ്ക്കും നേരിടേണ്ടി വരുന്ന സ്വാഭാവിക പ്രതിബന്ധമാണിത്. സിൽവർലൈൻ എന്ന മാതൃകാ പദ്ധതിയെക്കുറിച്ചോ അത് കോവിഡാനന്തര കേരളത്തിന് സമ്മാനിക്കാൻ പോവുന്ന ഗുണപരമായ സമൂലമാറ്റത്തെക്കുറിച്ചോ ആധികാരികമായി പഠിക്കാതെയാണ് ഒറ്റപ്പെട്ട ചില കോണുകളിൽ നിന്ന് പ്രതിഷേധങ്ങളും, കുപ്രചാരണങ്ങളും ഉയരുന്നത്. തങ്ങൾ കടയ്ക്കൽ കത്തിവെക്കുന്നത് വരുംതലമുറകൾക്ക് കൂടി അഭിമാനിക്കാൻ വക നൽകുന്ന സുസ്ഥിരവികസന പദ്ധതിയ്ക്കാണെന്നത്, യാഥാർത്ഥ്യം അറിയാൻ ശ്രമിക്കാതെയും അജ്ഞത നടിച്ചും അർദ്ധ അതിവേഗ റെയിൽ ഇടനാഴിയ്‌ക്കെതിരെ തുനിഞ്ഞിറങ്ങിയവർ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

അറിയൂ സിൽവർലൈനിനെക്കുറിച്ചുള്ള യാഥാർത്ഥ്യം;
ഇത് തിളങ്ങുന്ന സുസ്ഥിര ഭാവിയ്ക്കായുള്ള മാതൃകാപദ്ധതി.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കേരളം. ആഗോള, ആഭ്യന്തര വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സംസ്ഥാനങ്ങളുടെ ശ്രേണിയിൽ നിലകൊള്ളുന്ന കേരളം 'ദക്ഷിണേന്ത്യയുടെ ഗേറ്റ് വേ' ആയും കണക്കാക്കപ്പെടുന്നുണ്ട്. ഗതാഗതസൗകര്യങ്ങളെ അന്താരാഷ്ട്ര നിലവാരത്തിന്റെ തലത്തിലേക്കുയർത്താൻ ഏതോരു നാടിനും വേഗതയേറിയ ഒരു മാതൃകാ ഗതാഗത പദ്ധതി അത്യാവശ്യമാണ്. ഭാവി മുന്നിൽ കണ്ടുള്ള അത്തരം നവീന പദ്ധതികളാണ് ഏത് പ്രദേശത്തിന്റെയും വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണർവ് സമ്മാനിക്കുക. എങ്ങനെയായിരിക്കണം അത്തരം പദ്ധതിയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അർദ്ധ അതിവേഗ റെയിൽ ഇടനാഴി പദ്ധതിയായ സിൽവർലൈൻ.

ദേശീയപാത വികസനത്തെയും അതിവേഗ റെയിൽപാത നിർമാണത്തെയും അപേക്ഷിച്ച് വളരെ കുറഞ്ഞ ഭൂമിയും ചെലവും മതിയാവുന്ന പദ്ധതിയാണ് സിൽവർലൈൻ. സിൽവർലൈൻ പദ്ധതിയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാവില്ലെന്ന തരത്തിൽ ചില കുപ്രചാരണം അരങ്ങേറുന്നുണ്ട്. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അടിസ്ഥാനരഹിതമായ പ്രചാരണമാണത്. വിശദമായ സാമൂഹിക ആഘാതപഠനം നടത്തിയ ശേഷം ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് 2013-ലെ ഭൂമിയേറ്റെടുക്കൽ പുനരധിവാസ നിയമപ്രകാരമുള്ള അർഹമായ നഷ്ടപരിഹാരം കാലവിളംബമില്ലാതെ ലഭ്യമാവും. സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി ആകെ 13,265 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

സിൽവർലൈൻ പദ്ധതി പ്രകൃതിദുരന്തം ക്ഷണിച്ചുവരുത്തുമെന്നതാണ് മറ്റൊരു അടിസ്ഥാനരഹിത പ്രചാരണം. നെൽപ്പാടങ്ങളും കൃഷിസ്ഥലങ്ങളുമുള്ള പ്രദേശങ്ങളിൽ മിക്കയിടത്തും വയഡക്ടുകളിലൂടെയാണ് പദ്ധതിയുടെ അലൈൻമെന്റ് വിഭാവനം ചെയ്തിരിക്കുന്നത്. കൃഷിഭൂമി പരമാവധി ഒഴിവാക്കിയുള്ള പാതയാണ് തിരഞ്ഞെടുത്തതെന്ന് മാത്രമല്ല ജലാശയങ്ങളും തണ്ണീർത്തടങ്ങളും മറ്റും സംരക്ഷിക്കുന്നതിനായി പാലങ്ങളുടെയും കലുങ്കുകളുടെയും നിർമാണവും പദ്ധതിയുടെ ഭാഗമായി നടക്കും. പുനരുപയോഗ ഊർജ്ജം പരമാവധി ഉപയോഗിച്ചും ഉരുക്കും കോൺക്രീറ്റും പുനഃചംക്രമണം ചെയ്ത് ഉപയോഗിച്ചുമെല്ലാമായിരിക്കും മലിനീകരണമുക്തമായ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തികളെന്നതും, ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗസിലിന്റെ പ്ലാറ്റിനം റേറ്റിംഗ് നിലവാരത്തെ അടിസ്ഥാനമാക്കിയാവും സ്‌റ്റേഷനുകളുടെയും കെട്ടിടങ്ങളുടെയും രൂപകല്പനയെന്നതും സിൽവർലൈനിന്റെ ഹരിതമുഖത്തിന് മിഴിവേകുന്നുണ്ട്.

ഒന്നേകാൽ ലക്ഷത്തിലധികം വാഹനങ്ങൾ പദ്ധതി യാഥാർത്ഥ്യമാവുന്ന ആദ്യ വർഷം തന്നെ നിരത്തുകളിൽ നിന്ന് വിമുക്തമാവുന്നത് വഴി 530 കോടി രൂപയുടെ പെട്രോളും, ഡീസലുമാണ് പ്രതിവർഷം ലാഭിക്കാൻ സാധിക്കുക. യാഥാർത്ഥ്യമാവുന്ന ആദ്യവർഷം തന്നെ 2,87,994 ടൺ കാർബൺ ഡയോക്‌സൈഡ് ബഹിർഗമനം കുറയ്ക്കാനാവുമെന്ന ഒറ്റ വിലയിരുത്തൽ മാത്രം മതി സിൽവർലൈൻ എത്രത്തോളം പരിസ്ഥിതി സൗഹൃദമാണെന്നത് വ്യക്തമാവാൻ. നിർമാണസമയത്തെ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനപ്രശ്‌നം പരിഹരിച്ച് പദ്ധതിയെ ഹരിതവത്കരിക്കാൻ ഐ.ഐ.എം. അഹമ്മദാബാദ് ഉൾപ്പെടെയുള്ളവയുടെ സഹകരണത്തോടെ ഒരു സുസ്ഥിരതാ നയവും കെ.ആർ.ഡി.സി.എൽ വിഭാവനം ചെയ്യുന്നുണ്ട്.

ഇന്ത്യൻ റെയിൽവെ മാനദണ്ഡ പ്രകാരം 140 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ ട്രെയിൻ സഞ്ചരിക്കുന്ന ട്രാക്കുകൾക്ക് ചുറ്റും പൊതുജനങ്ങളുടെ സുരക്ഷയെ കരുതി സംരക്ഷണഭിത്തി സ്ഥാപിക്കണമെന്നതിനാലും, ഗതിമാൻ എക്‌സ്പ്രസ് സർവീസ് നടത്തുന്ന ഡൽഹി-ആഗ്ര സെക്ഷൻ പോലുള്ള മാതൃകകൾ രാജ്യത്ത് നിലവിലുള്ളതിനാലും സംരക്ഷണഭിത്തിക്കെതിരായ പ്രചാരണങ്ങൾക്ക് വസ്തുതയുടെ പിൻബലമില്ല. വയഡക്ട്, ടണൽ എന്നിവയിലൂടെയല്ലാത്ത ഇടങ്ങളിൽ ഓരോ അഞ്ഞൂറു മീറ്ററിലും പാത മുറിച്ചുകടക്കുന്നതിന് സൗകര്യമുണ്ടാക്കുമെന്നിരിക്കെ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുകയില്ല.

വിദഗ്ധർ സംസാരിക്കുന്നു

1. സിൽവർലൈനിനായുള്ള ധനസമാഹരണം
കെ.ആർ.ഡി.സി.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രൊജക്ട് ഫിനാൻസ് ശ്രീമതി. സാധന കോറി സിൽവർലൈനിന്റെ സാമ്പത്തികവശങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.
വെബ്‌ലിങ്ക്:
https://www.facebook.com/OfficialKRail/videos/499177134456749/
2. സിൽവർലൈൻ ട്രെയിനുകളുടെ പ്രത്യേകതകൾ
സിൽവർലൈനിന്റെ റോളിങ്ങ് സ്റ്റോക്കുകളുടെ പ്രത്യേകതകളെക്കുറിച്ചു റോളിങ്ങ് സ്റ്റോക്ക് വിദഗ്ദ്ധൻ പ്രിയേഷ് സംസാരിക്കുന്നു.

Weblink:  https://www.facebook.com/OfficialKRail/videos/1605093216355130

വിശദീകരണ വീഡിയോ

സിൽവർലൈൻ പാത കേരളത്തെ രണ്ടായി മുറിക്കുമോ ?

സിൽവർലൈൻ പാത കേരളത്തെ രണ്ടായി മുറിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ വീഡിയോ. പൊതുജനങ്ങളെ യാതൊരുവിധത്തിലും ബുദ്ധിമുട്ടിക്കാതെയാണ് സിൽവർലൈൻ വിഭാവനം ചെയ്തിരിക്കുന്നത്.

വെബ്‌ലിങ്ക്:
https://www.facebook.com/OfficialKRail/videos/360534295389634

സാങ്കേതിക യാഥാർത്ഥ്യങ്ങൾ
സിൽവർലൈൻ ഹരിത സമുച്ചയങ്ങൾ

സിൽവർലൈൻ സ്റ്റേഷൻ കെട്ടിടങ്ങളും ഡിപ്പോയും അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടവും മറ്റ് കെട്ടിടങ്ങളുമെല്ലാം ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ (ഐ.ജി.ബി.സി) പ്ലാറ്റിനം റേറ്റിംഗ് നിലവാരം അടിസ്ഥാനമാക്കിയാവും രൂപകൽപ്പന ചെയ്യുക.
വെബ്‌ലിങ്ക്: 
https://www.facebook.com/OfficialKRail/photos/a.2023296604665033/2898268163834535/

പ്രചാരണവും യാഥാർത്ഥ്യവും

നിങ്ങൾക്കറിയാമോ ?
സിൽവർലൈൻ സ്‌റ്റേഷനുകൾ

സിൽവർലൈൻ വാർത്തകളിൽ

സമൂഹമാധ്യമങ്ങളിൽ സിൽവർലൈൻ

എഡിറ്റർ: ശ്രീശാന്ത്.എസ്, പി.ആർ.കോ-ഓർഡിനേറ്റർ.
വിലാസം: കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്
അഞ്ചാംനില, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തൈക്കാട് പി.ഒ,
തിരുവനന്തപുരം, കേരളം-695014
ഇ-മെയിൽ: 
info@keralarail.com;
ഫോൺ: 0471 232 4330 / 232 6330
ഫാക്‌സ്: 0471 232 5330.

  
Website
Website
Facebook
Facebook
Twitter
Twitter
LinkedIn
LinkedIn
Instagram
Instagram
YouTube
YouTube
CLICK HERE TO VIEW THIS IN YOUR BROSWER