കെ-റെയിലിനെക്കുറിച്ച്
ട്രെയിൻ ഗതാഗതരംഗത്ത് അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനായി സംസ്ഥാന ഗവൺമെന്റിന്റെയും റെയിൽവെ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ രൂപീകൃതമായ സംയുക്തസംരംഭമാണ് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ). റെയിൽവെയുടെ അടിസ്ഥാന സൗകര്യവികസനം, പുനർവികസനം,പ്രവർത്തനം, പരിപാലനം എന്നീ മേഖലകളിലും യാത്രികർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതികസാഹചര്യമൊരുക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന പ്രമുഖ സ്ഥാപനമാവാനാണ് കെ-റെയിൽ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യകളും സാമ്പത്തികനയവൈദഗ്ദ്ധ്യവും പരാമാവധി വിഭവശേഷി വിനിയോഗവും അനുവർത്തിച്ച് സുരക്ഷ, സുഖസൗകര്യം, കാര്യക്ഷമത, മൂല്യാധിഷ്ഠിതസേവനങ്ങൾ എന്നിവ ഉന്നത നിലവാരത്തിൽ പ്രദാനം ചെയ്തുള്ള പദ്ധതി പൂർത്തീകരണവും കെ-റെയിലിന്റെ പ്രത്യേകതയാണ്.

പുതിയ ചെയർമാന് സ്വാഗതം

സംസ്ഥാനത്തിന്റെ 47-ാമത് ചീഫ് സെക്രട്ടറിയായി ഡോ.വി.പി.ജോയ് ഐ.എ.എസ്  28.02.2021 ന് ചുമതലയേറ്റു. തൽഫലമായി കേരള റെയിൽ ഡവല്പമെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ചെയർമാനായും അദ്ദേഹം നിയമിതനായി. 1987 ബാച്ച് കേരള കേഡറിൽ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വി.പി.ജോയ് മുമ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു.
കേന്ദ്ര സെക്രട്ടേറിയറ്റിലെ സെക്രട്ടറി(കോ-ഓർഡിനേഷൻ)യായി പ്രവർത്തിച്ച അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനുശേഷമാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. സാഹിത്യരംഗത്ത് ജോയ് വാഴയിൽ എന്ന പേരിൽ അറിയപ്പെടുന്ന ഡോ.വി.പി.ജോയ് നിരവധി കവിതാസമാഹാരങ്ങൾ രചിച്ചിട്ടുണ്ട്.
ഏതാനും നോവലുകളും വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിമിഷജാലകം' എന്ന കവിതാസമാഹാരം അദ്ദേഹത്തെ എസ്.കെ.പൊറ്റെക്കാട്ട് സാഹിത്യപുരസ്‌കാരത്തിന് അർഹനാക്കി. മികച്ച ഗവേഷകൻ കൂടിയായ അദ്ദേഹം ഊർജ്ജനയം, വിദ്യാഭ്യാസ തത്വശാസ്ത്രം, തത്ത്വമീമാംസ എന്നീ വിഷയങ്ങളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ഡോക്ടറേറ്റും ബർമിങ്ഹാം യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എയുമെടുത്ത ഡോ.വി.പി.ജോയിയ്ക്ക് ഹാവാർഡ് സർവകലാശാലയുടെ ജോർജിയോ റുഫോലോ പോസ്റ്റ് ഡോക്ടറൽ റിസർച്ച്  ഫെല്ലോഷിപ്പും കരസ്ഥമായിട്ടുണ്ട്. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്ററിൽ ശാസ്ത്രജ്ഞനായി 1985-ൽ ഔദ്യോഗികജീവിതമാരംഭിച്ച ഈ എറണാകുളം കിങ്ങിണിമറ്റം സ്വദേശി 1987-ലാണ് സിവിൽസർവീസിൽ പ്രവേശിക്കുന്നത്.

പുതിയ ഡയറക്ടർമാർ

ശ്രീ: പി.ജയകുമാർ
ഡയറക്ടർ (പ്രോജക്ട് & പ്ലാനിങ്)

 1987 ഐ.ആർ.എസ്.ഇ ബാച്ചിലെ ശ്രീ.പി ജയകുമാർ 04.02.2021 ന് കേരള റെയിൽ ഡവല്പമെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ഡയറക്ടർ (പ്രോജക്ട് & പ്ലാനിംഗ്) ആയി ചുമതലയേറ്റെടുത്തു.
കെ-റെയിലിന്റെ ഭാഗമാവുന്നതിന് മുമ്പ് തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ചുമതലയുള്ള സതേൺ റെയിൽവേയുടെ കൺസ്ട്രക്ഷൻ ചീഫ് എഞ്ചിനീയറായിരുന്നു. തിരുവനന്തപുരം ഡിവിഷന്റെ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജരായും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കായുള്ള ഡി.എം.ആർ.സിയുടെ ജനറൽ മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീ: റെജി ജോൺ
ഡയറക്ടർ (ബിസിനസ് ഡെവലപ്‌മെൻറ് & ഫിനാൻസ്)
കേരള റെയിൽ ഡവല്പമെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ഡയറക്ടർ  (ബിസിനസ് ഡവലപ്‌മെന്റ് & ഫിനാൻസ്) ആയി 01.01.2021-നാണ് ശ്രീ. റെജി ജോൺ ചുമതലയേറ്റെടുക്കുന്നത്.
കേരള റെയിൽ ഡവല്പമെന്റ് കോർപറേഷൻ ലിമിറ്റഡിൽ ചുമതല വഹിക്കുന്നതിന് മുമ്പ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ധനകാര്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി റെജി ജോൺ പ്രവർത്തിച്ചിരുന്നു.

സംഭവങ്ങളും സമകാലികവിവരങ്ങളും

സിൽവർലൈൻ; ഭാവികേരളത്തിനുള്ള മാതൃകാ ഹരിതപദ്ധതി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് (ഐ.ഐ.എം) അഹമ്മദാബാദ്, മറ്റ് നോഡൽ ഏജൻസികൾ എന്നിവയുമായി സഹകരിച്ച് ഒരു സുസ്ഥിരതാ നയം വികസിപ്പിക്കാൻ വിഭാവനം ചെയ്യുകയാണ് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്. ഇതുമായി ബന്ധപ്പെട്ട് ഐ.ഐ.എം അഹമ്മദാബാദ് അധികൃതരുമായി ഒരു പ്രാഥമിക യോഗം ചേർന്നുകഴിഞ്ഞു. അനുവർത്തിക്കേണ്ട നയങ്ങളും അടിസ്ഥാന മാനദണ്ഡങ്ങളും സംബന്ധിച്ച് കൂടുതൽ തുടർനടപടികൾ പരിഗണനയിലാണ്.
ഉരുക്കും കോൺക്രീറ്റും പുനഃചംക്രമണം ചെയ്യൽ, നിർമാണമാലിന്യങ്ങൾ പുനരുപയോഗത്തിലൂടെയും പുനഃചംക്രമണത്തിലൂടെയും മാറ്റൽ, നവീനവും മലിനീകരണം കുറഞ്ഞതുമായ നിർമാണോപകരണങ്ങളുടെ ഉപയോഗം, കാര്യക്ഷമമല്ലാത്ത ട്രക്ക് എഞ്ചിനുകളും ജലസസേചന പമ്പുകളും മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പ്രായോഗികാശയങ്ങൾ സിൽവർലൈനിന്റെ നിർമാണസമയത്ത് അവലംബിക്കാനാണ് തീരുമാനം. നിർമാണസമയത്തെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ പ്രശ്‌നം പരിഹരിക്കാൻ വിവിധ സംഘടനകളുമായി ചേർന്ന് നഗര വനവത്കരണ പരിപാടി നടപ്പിലാക്കാനും കെ-റെയിൽ പദ്ധതിയിടുന്നുണ്ട്. പ്രസ്തുത പരിപാടിയുടെ ഭാഗമായി ട്രെയിൻ ഇടനാഴി പരിധിയിലെ ജനവിഭാഗങ്ങൾക്ക് തണലിനും ഉല്ലാസത്തിനുമുള്ള സാഹചര്യവുമൊരുക്കും. സ്റ്റേഷൻ കെട്ടിടങ്ങൾ, ഡിപ്പോ, ഭരണനിർവഹണ സമുച്ചങ്ങൾ, അനുബന്ധ സേവന കെട്ടിടങ്ങൾ എന്നിവ ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ പ്ലാറ്റിനം റേറ്റിംഗ് നിലവാരത്തെ അടിസ്ഥാനമാക്കിയാണ് രൂപകല്പന ചെയ്യുക. പ്രവർത്തനാരംഭ വർഷമായ 2025-ൽ തന്നെ റോഡ്, ആകാശ യാത്രാമാർഗങ്ങളിൽ നിന്നും മാറി സിൽവർലൈനിനെ ആശ്രയിക്കുന്ന യാത്രികരുടെ തോതിൽ ഗണ്യമായ വർധനവ് കെ-റെയിൽ പ്രതീക്ഷിക്കുന്നു. അതുവഴി ആദ്യവർഷം തന്നെ ഏകദേശം 2,87,994 ടൺ കാർബൺ ഡയോക്‌സൈഡ് ബഹിർഗമനം കുറയ്ക്കാനാവും. സിൽവർലൈൻ സംവിധാനത്തിന് 2052 ഓടെ 5,94,636 ടണ്ണോളം കാർബൺ ഡയോക്‌സൈഡ് അന്തരീക്ഷത്തിൽ നിന്ന് കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അർധ അതിവേഗ ഇടനാഴി കേരളത്തിന്റെ
സാമ്പത്തിക മുന്നേറ്റത്തിന് ഗതിവേഗമൊരുക്കും
കോവിഡാനന്തര കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് ഗതിവേഗമൊരുക്കാൻ പ്രാപ്തിയുള്ള അഭിമാനപദ്ധതിയാണ് അർധ അതിവേഗ റെയിൽ ഇടനാഴി (സിൽവർലൈൻ) എന്ന് കെ-റെയിൽ എം.ഡി ശ്രീ. വി.അജിത് കുമാർ.
'ധനം' ദ്വൈവാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് നിന്ന് വടക്കേ അറ്റത്തേക്ക് വെറും നാലു മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചേരാൻ വഴിയൊരുക്കുന്ന സിൽവർലൈൻ, ദശാബ്ദങ്ങൾ പിന്നിട്ടുള്ള വികസനം മുൻകൂട്ടി കണ്ടുള്ള മാതൃകാ പദ്ധതിയാണെന്ന് അജിത് കുമാർ അഭിപ്രായപ്പെട്ടു.
നിർമാണ സമയത്ത് നേരിട്ടും അല്ലാതെയും അരലക്ഷത്തോളം പേർക്കും പദ്ധതിയുടെ പൂർത്തീകരണവേളയിൽ പതിനായിരം പേർക്കും തൊഴിലവസരം സൃഷ്ടിക്കുന്ന സിൽവർലൈൻ നാടിന്റെ സാമ്പത്തികഭദ്രതയ്ക്ക് ഒരു പുത്തനുണർവ് സമ്മാനിക്കും. ആയിരക്കണക്കിന് മനുഷ്യജീവനുകൾ നിരത്തുകളിൽ പൊലിയുന്ന കേരളത്തിന് തീർത്തും അനുയോജ്യമായ സുരക്ഷിതയാത്രാമാർഗ്ഗമാണ് സിൽവർലൈൻ. കൊടുംവളവുകൾ ഒഴിവാക്കിക്കൊണ്ട് രൂപകല്പന ചെയ്ത സിൽവർ ലൈനിന്റെ ട്രാക്ക് താരതമ്യേന ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് കടന്നുപോവുന്നത്. വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നത് പരമാവധി ഒഴിവാക്കാനുള്ള നടപടികളും, ആവശ്യമെങ്കിൽ വീടുകൾ പൊളിക്കാതെ മാറ്റി സ്ഥാപിക്കുന്ന സാങ്കേതിക വിദ്യയും ആസൂത്രണം ചെയ്യുന്നുണ്ട്. സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി 13,265 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. കേരളവികസനത്തിന്റെ മുഖച്ഛായ മാറ്റാനും അന്തരീക്ഷമലിനീകരണത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാനും വഴിയൊരുക്കുന്ന ഹരിതപദ്ധതി കൂടിയാണ് സിൽവർലൈനെന്ന് അജിത് കുമാർ കൂട്ടിച്ചേർത്തു.
ഹരിത സംരംഭങ്ങൾ

ഭാവി മുന്നിൽ കണ്ടുള്ള സുസ്ഥിര ഹരിതഗതാഗത പദ്ധതിയായ 'സിൽവർലൈൻ' ആവിഷ്‌കരിച്ച് നടപ്പാക്കുന്ന കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്, ഓഫീസിലും ഹരിത സംരംഭങ്ങളുമായി രംഗത്ത്.
ജൈവമാലിന്യത്തെ അതിവേഗം ശാസ്ത്രീയമായി സംസ്‌കരിച്ച് വളമാക്കി മാറ്റുന്ന ഹോം കമ്പോസ്റ്ററായ ജീ ബിൻ എയറോബിക് സംവിധാനം ഹെഡ് ഓഫീസിൽ സ്ഥാപിച്ചിരിക്കുകയാണ് കെ-റെയിൽ. പുറത്തും അകത്തും ഒരു പോലെ ഉപയോഗിക്കാവുന്ന സൗകര്യം, മൾട്ടി ലേയേർഡ് ബിൻ, ലെകാറ്റെ റിക്കവറി സംവിധാനം, ടോപ് ഹുഡ്, പ്രയോജനകരമായ സൂക്ഷ്മാണുക്കളുടെ കൺസോർഷ്യം എന്നിവയെല്ലാം പുനരുപയോഗ പ്രക്രിയ മെച്ചപ്പെടുത്തുകയും മികച്ച അന്തരീക്ഷ സാഹചര്യമൊരുക്കുകയും ചെയ്യുന്ന ഹരിത ജൈവമാലിന്യ സംസ്‌കരണ സംവിധാനത്തെ മാതൃകാപരമാക്കുന്നു.
ഹരിതാഭയൊരുക്കി സസ്യങ്ങൾ

കെ-റെയിൽ ഹെഡ് ഓഫീസിലെ അകത്തളങ്ങൾ ഹരിതാഭയാർന്ന സസ്യങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു

വിദഗ്ധർ സംസാരിക്കുന്നു

സിൽവർലൈൻ എന്ന ഹരിതപദ്ധതി
ഹരിതപദ്ധതിയായ സിൽവർലൈനിന്റെ നിർമാണ വേളയിൽ അനുവർത്തിക്കേണ്ട സുസ്ഥിരതാ നയം വികസിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദ് അധികൃതരുമായി ചർച്ചയിലാണ് കെ-റെയിൽ. ഐ.ഐ.എം.എ സീനിയർ പ്രൊഫസർ ഡോ.അമിത് ഗാർഗെയാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. സിൽവർലൈനിന്റെ ഹരിത സംരംഭങ്ങളെക്കുറിച്ച് കെ-റെയിൽ ജോയിന്റ് ജനറൽ മാനേജരും കമ്പനി സെക്രട്ടറിയുമായ ജി. അനിൽകുമാർ വിശദമായി സംസാരിക്കുന്നു.
വിശദീകരണ വീഡിയോ- എപ്പിസോഡ് 1
കേരളത്തിന് എന്തിനാണ് സിൽവർലൈൻ?

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ റെയിൽ, റോഡ് ഗതാഗതം വളരെ പരിതാപകരമാണ്. 560 കിലോമീറ്റർ ദൂരമുള്ള കാസർഗോഡ് -തിരുവനന്തപുരം പാതയിലെ യാത്രക്ക് നിലവിൽ കരമാർഗം സഞ്ചരിക്കാൻ 12 മുതൽ 14 മണിക്കൂർ വരെ വേണം.
വിശദീകരണ വീഡിയോ- എപ്പിസോഡ് 2
എന്ത് മാറ്റമാണ് സിൽവർലൈൻ വരുമ്പോൾ കേരളത്തിന് ഉണ്ടാവുക?

വർധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കാൻ വഴിയൊരുക്കുന്നതിനൊപ്പം, ഏറ്റവും മലിനീകരണം കുറഞ്ഞ പൊതുയാത്രാമാർഗമെന്ന നിലയിൽ വലിയ മാറ്റങ്ങൾ നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തിന് ലഭ്യമാക്കുന്ന പദ്ധതിയാണ് സിൽവർലൈൻ. എന്ത് മാറ്റമാണ് സിൽവർലൈൻ വരുമ്പോൾ കേരളത്തിന് ഉണ്ടാവുക എന്ന ചോദ്യത്തിനുള്ള ഉത്തരം പ്രദാനം ചെയ്യുന്നതാണ് ഈ വീഡിയോ.
സാങ്കേതിക യാഥാർത്ഥ്യങ്ങൾ
റോളിംഗ് സ്‌റ്റോക്ക്
മികച്ച പ്രവർത്തന ഘടകങ്ങൾ, കുറഞ്ഞ യാത്രാസമയം, മികച്ച ത്വരണം, മികച്ച ബന്ധിപ്പിക്കൽ, കുറഞ്ഞ അക്ഷദണ്ഡ ഭാരം, പുനരുൽപാദന ബ്രേക്കിംഗ്, ഉയർന്ന ഊർജ്ജക്ഷമത എന്നീ അനുയോജ്യഗുണങ്ങൾ പരിഗണിച്ച് ഇരുദിശകളിലേക്കും ഡ്രൈവിംഗ് സൗകര്യമുള്ള ഇ.എം.യു ട്രെയിനുകളാണ് സിൽവർലൈൻ പദ്ധതിയ്ക്കായി ശുപാർശ ചെയ്യപ്പെടുന്നത്. യാത്രക്കാർക്ക് തറവിസ്തീർണ്ണം പൂർണമായി ഉപയോഗിക്കാൻ അവസരമേകുന്ന ഇവ ഗതാഗത കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും.

പ്രചാരണവും യാഥാർത്ഥ്യവും

നിങ്ങൾക്കറിയാമോ ?
സിൽവർലൈൻ സ്‌റ്റേഷനുകൾ

സിൽവർലൈൻ വാർത്തകളിൽ

സമൂഹമാധ്യമങ്ങളിൽ സിൽവർലൈൻ

എഡിറ്റർ: ശ്രീശാന്ത്.എസ്, പി.ആർ.കോ-ഓർഡിനേറ്റർ.
വിലാസം: കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്
അഞ്ചാംനില, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തൈക്കാട് പി.ഒ,
തിരുവനന്തപുരം, കേരളം-695014
ഇ-മെയിൽ: 
info@keralarail.com;  
ഫോൺ: 0471  232 4330 / 232 6330  
ഫാക്‌സ്: 0471 232 5330.

  
Website
Website
Facebook
Facebook
Twitter
Twitter
LinkedIn
LinkedIn
Instagram
Instagram
YouTube
YouTube
CLICK HERE TO VIEW THIS IN YOUR BROSWER