കെ-റെയിലിനെക്കുറിച്ച്
ട്രെയിൻ ഗതാഗതരംഗത്ത് അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനായി സംസ്ഥാന ഗവൺമെന്റിന്റെയും റെയിൽവെ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ രൂപീകൃതമായ സംയുക്തസംരംഭമാണ് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ). റെയിൽവെയുടെ അടിസ്ഥാന സൗകര്യവികസനം, പുനർവികസനം,പ്രവർത്തനം, പരിപാലനം എന്നീ മേഖലകളിലും യാത്രികർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതികസാഹചര്യമൊരുക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന പ്രമുഖ സ്ഥാപനമാവാനാണ് കെ-റെയിൽ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യകളും സാമ്പത്തികനയവൈദഗ്ദ്ധ്യവും പരാമാവധി വിഭവശേഷി വിനിയോഗവും അനുവർത്തിച്ച് സുരക്ഷ, സുഖസൗകര്യം, കാര്യക്ഷമത, മൂല്യാധിഷ്ഠിതസേവനങ്ങൾ എന്നിവ ഉന്നത നിലവാരത്തിൽ പ്രദാനം ചെയ്തുള്ള പദ്ധതി പൂർത്തീകരണവും കെ-റെയിലിന്റെ പ്രത്യേകതയാണ്.

സംഭവങ്ങളും സമകാലികവിവരങ്ങളും

കുതിപ്പിന്റെ സുവർണവീഥിയിൽ സിൽവർലൈൻ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഗതാഗതസൗകര്യവികസനത്തിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറാൻ പ്രാപ്തമായ അഭിലാഷപദ്ധതി ഇനി കുതിപ്പിന്റെ അഗ്നിച്ചിറകിൽ. സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് നിന്ന് വടക്കേ അറ്റത്തേക്കും തിരിച്ചും വെറും നാലു മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചേരാൻ വഴിയൊരുക്കുന്ന സിൽവർലൈൻ പദ്ധതിയുടെ നിക്ഷേപപൂർവ്വ പ്രക്രിയകളും ധനസമാഹരണ നടപടികളും അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള ധനസമാഹരണത്തെ പിന്തുണച്ച് നീതി ആയോഗ്, റെയിൽവെ ബോർഡ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്റിച്ചർ എന്നിവ ശുപാർശ ചെയ്തതോടെ കോവിഡാനന്തര കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് ഗതിവേഗമൊരുക്കുന്ന സുസ്ഥിര വികസനപദ്ധതി പ്രതീക്ഷയുടെ സ്പീഡ് ട്രാക്കിലാണ്.
സംസ്ഥാനത്തിന്റെ പൊതുഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിച്ച് അതിനെ ശക്തിപ്പെടുത്തുന്ന അർദ്ധ അതിവേഗ റെയിൽ ഇടനാഴിയ്ക്ക് പ്രത്യാശയുടെ പുത്തനുണർവ് സമ്മാനിക്കുന്ന നിരവധി നടപടിക്രമങ്ങൾക്കാണ് ഇതിനകം പ്രാരംഭം കുറിച്ചിരിക്കുന്നത്.
അർദ്ധ അതിവേഗ റെയിൽ ഇടനാഴി കടന്നുപോവുന്ന പാതയിലെ ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ മന്ത്രിസഭ ഭരണാനുമതി നൽകുന്നതിനായി കാത്തിരിക്കുകയാണ് സിൽവർലൈൻ എന്ന മാതൃകാവികസന പദ്ധതി.
നിർമാണ സമയത്ത് നേരിട്ടും അല്ലാതെയും അരലക്ഷത്തോളം പേർക്കും പദ്ധതിയുടെ പൂർത്തീകരണവേളയിൽ പതിനായിരം പേർക്കും തൊഴിലവസരം സൃഷ്ടിച്ച് കോവിഡാനന്തര കേരളത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് ഒരു ചാലകശക്തിയാവും ഈ ഹരിതപദ്ധതിയെന്ന കാര്യത്തിൽ സംശയത്തിനിടമില്ല. റെയിൽവെ ബോർഡ് തത്വത്തിലുള്ള അംഗീകാരം ലഭ്യമാക്കിയ ബൃഹദ്പദ്ധതിയ്ക്ക് ഉടൻ കേന്ദ്രത്തിന്റെ അന്തിമ അനുമതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിൽവർലൈൻ പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ടും വിശദ പഠന റിപ്പോർട്ടും തയ്യാറാക്കിയ പാരീസ് ആസ്ഥാനമായുള്ള സിസ്ട്ര കൺസൽട്ടൻസിയുടെ നേതൃത്വത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട സ്‌റ്റേഷനുകൾ, കെട്ടിടസമുച്ചയങ്ങൾ, ഡിപ്പോ, റോളിങ് സ്‌റ്റോക്ക് തുടങ്ങിയവയുടെയും അലൈൻമെന്റുമായി ബന്ധപ്പെട്ട വിവിധ ഘടനകളുടെയും ആശയ മാതൃകകളും രൂപരേഖകളും തയ്യാറാക്കി വരികയാണ്. പദ്ധതിയുടെ അലൈൻമെന്റ് കടന്നുപോവുന്ന പാതയിലെ 127 ഇടങ്ങളിലായി ഇതിനകം മണ്ണു പരിശോധന നടത്തിയിട്ടുണ്ട്. ഇനിയും ഇരുന്നൂറ് ഇടങ്ങളിൽ കൂടി ശാസ്ത്രീയ മണ്ണ് ഗവേഷണം നടത്താനൊരുങ്ങുകയാണ്. മേൽപ്പാലം, വയഡക്ട്, ടണൽ, അടിപ്പാത തുടങ്ങിയ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നയിടങ്ങളിൽ തികച്ചും ശാസ്ത്രീയവും സൂക്ഷ്മവുമായാണ് ട്രാക്ക് സ്ഥാപിക്കുന്ന പ്രതലത്തിന്റെ ഉറപ്പും ഘടനയും പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ആർ.ഐ.ടി.ഇ.എസിന്റെ നേതൃത്വത്തിൽ ഡി.പി.ആർ അവലോകനം, അലൈൻമെന്റിന്റെ സി.ആർ.ഇസെഡ് മാപ്പിങ്, ത്വരിത പരിസ്ഥിതി ആഘാതപഠനത്തിന് പുറമെയുള്ള സമഗ്ര ഇ.ഐ.എ പഠനം, പ്രൊജക്ട് മാനേജ്‌മെന്റ് കൺസൽട്ടൻസി കരാറിനായുള്ള കരട് ടെണ്ടറും കരട് ഇ.പി.സി ടെണ്ടർ രേഖകളും ടെണ്ടർ പാക്കജും തയ്യാറാക്കൽ, അലൈൻമെന്റിന്റെ കേഡസ്ട്രൽ സർവെയും കെ.എസ്.ആർ.ഇ.സിയുടെ സഹകരണത്തോടെയുള്ള ഡിജിറ്റൽവത്കരണവും, സിൽവർലൈനിന്റെ ഷെഡ്യൂൾ ഓഫ് ഡയമൻഷൻ തയ്യാറാക്കൽ, ഓരോ റെയിൽവെ സ്റ്റേഷനുകളും സംബന്ധിച്ച നവീന ആശയ മാതൃകകൾ, പാത കടന്നുപോവുന്ന പ്രധാന നദികളിൽ ഹൈഡ്രോളജിക്കൽ സർവെ, 2013 ലെ ഭൂമി ഏറ്റെടുക്കൽ-പുനരധിവാസ നിയമപ്രകാരം ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന്റെയും എൻ.ഐ.സിയുടയും സഹകരണത്തോടെ ലാൻഡ് അക്വിസിഷൻ സോഫ്റ്റ്‌വെയർ/പോർട്ടൽ വികസിപ്പിക്കൽ തുടങ്ങിയ പ്രാരംഭ/തയ്യാറെടുപ്പ് പ്രവൃത്തികൾ നിലവിൽ പുരോഗതിയിലാണ്.

സ്ഥലമെടുപ്പിനായി 3000 കോടിയുടെ വായ്പ അനുവദിച്ച് ഹഡ്‌കോ
സിൽവർലൈൻ പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് മൂവായിരം കോടി രൂപയുടെ വായ്പയൊരുക്കി ഹഡ്‌കോ. തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവഗ റെയിൽ ഇടനാഴിയിലെ കൊച്ചുവേളി (തിരുവനന്തപുരം) മുതൽ ചെങ്ങന്നൂർ (ആലപ്പുഴ) വരെയുള്ള ഭാഗത്തെ ഒന്നാംഘട്ട സ്ഥലമേറ്റെടുക്കലിനായാണ് ഹൗസിംഗ് ആൻഡ് അർബൻ ഡവലപ്‌മെന്റ് കോർപറേഷൻ മൂവായിരം കോടി രൂപയുടെ വായ്പ ലഭ്യമാക്കിയിരിക്കുന്നത്. 
എട്ടുശതമാനം പ്രാരംഭ വാർഷികപലിശ നിരക്കിലാണ് സംസ്ഥാനത്തെ റെയിൽവെ അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനായി രൂപവത്കരിച്ച കേന്ദ്ര-സംസ്ഥാന സർക്കാർ സംയുക്തസംരംഭമായ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന് ഹഡ്‌കോ വായ്പ അനുവദിച്ചത്.

സിൽവർലൈൻ പാതയിലെ കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്ത് 320 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി 3750 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കെ.ആർ.ഡി.സി.എലിന്റെ അപേക്ഷ പരിഗണിച്ച് അനുവദിച്ച വായ്പാതുകയുടെ മുതലും പലിശയും വാർഷികഗഡുക്കളായി അടയ്ക്കാൻ സംസ്ഥാനസർക്കാറിന്റെ ഗ്യാരന്റി വേണമെന്നും സംസ്ഥാനബജറ്റിൽ അതിനുള്ള നീക്കിയിരിപ്പുണ്ടാവണമെന്നും ഹഡ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 13,265 കോടി രൂപയ്ക്കായി ഹഡ്‌കോയ്ക്ക് പുറമെ കിഫ്ബി, ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ തുടങ്ങിയവയുമായുള്ള ചർച്ചകളും മുന്നേറുകയാണ്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 33,700 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നതിന്റെ അടിസ്ഥാനത്തിൽ എ.ഡി.ബി, ജൈക്ക, എ.ഐ.ഐ.ബി, കെ.എഫ്.ഡബ്ല്യു എന്നിവരെ കേന്ദ്ര ധനകാര്യമന്ത്രാലയം വഴി സമീപിച്ച് ധനസമാഹരണത്തിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

വായ്പാ സമാഹരണത്തിന്പുത്തനുണർവ്;
ശുപാർശയുമായി നീതി ആയോഗും റെയിൽവെയും
സിൽവർലൈൻ പദ്ധതിയ്ക്കായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പാസമാഹരണത്തിന് ശുപാർശയുമായി നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ (നീതി ആയോഗ്)യും, ഡിപ്പാർട്ട്‌മെന്റ് ഓഫ് റെയിൽവെ എക്‌സ്‌പെന്റിച്ചറും.
സിൽവർലൈനിനായി കെ.ആർ.ഡി.സി.എൽ സമർപ്പിച്ച വായ്പാസമാഹരണ പദ്ധതി അംഗീകരിച്ചുകൊണ്ടാണ് നീതി ആയോഗും റെയിൽവെ എക്‌സ്‌പെന്റിച്ചർ വിഭാഗവും കേന്ദ്രധനമന്ത്രാലയത്തിലെ ധനകാര്യവിഭാഗത്തിന് ഇത് സംബന്ധിച്ച് ശുപാർശ നൽകിയിരിക്കുന്നത്.
ഏഷ്യൻ ഡെവലപ്‌മെൻറ് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട് കത്തിടപാടുകൾ നടന്ന ആദ്യഘട്ടത്തിൽ പദ്ധതിയുടെ നടത്തിപ്പും പ്രായോഗികതയും സംബന്ധിച്ച് നീതി ആയോഗ്  വിശദീകരണങ്ങൾ ആരാഞ്ഞിരുന്നു. തുടർന്ന് റെയിൽവെ മന്ത്രാലയത്തിന് കീഴിൽ ഗതാഗത അടിസ്ഥാനസൗകര്യവികസന രംഗത്ത് പ്രവർത്തന പരിചയമുള്ള എഞ്ചിനീയറിംഗ് കൺസൽട്ടൻസിയായ റെയ്ൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് എക്കണോമിക് സർവീസ് ലിമിറ്റഡി (ആർ.ഐ.ടി.ഇ.എസ്)നെ നീതി ആയോഗ് ഉന്നയിച്ച നിർദേശങ്ങളുടെ സാങ്കേതികത പഠിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് സമർപ്പിച്ച വിശദീകരണവും പ്രാഥമിക പദ്ധതി റിപ്പോർട്ടും വിലയിരുത്തിയ ശേഷമാണ് സിൽവർലൈനിനായി വായ്പ സമാഹരിക്കുന്നതിന് നീതി ആയോഗ് ജോയിന്റ് അഡൈ്വസർ ഏപ്രിൽ അഞ്ചിന് ശുപാർശ നൽകിയത്.
*സിൽവർലൈൻ പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ടും വിശദ പഠന റിപ്പോർട്ടും തയ്യാറാക്കിയ പാരീസ് ആസ്ഥാനമായുള്ള സിസ്ട്ര കൺസൽട്ടൻസിയുടെ നേതൃത്വത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട സ്‌റ്റേഷനുകൾ, കെട്ടിടസമുച്ചയങ്ങൾ, ഡിപ്പോ, റോളിങ് സ്‌റ്റോക്ക് തുടങ്ങിയവയുടെ വിവിധ മാതൃകകളും രൂപരേഖകളും തയ്യാറാക്കി വരികയാണ്. പദ്ധതിയുടെ അലൈൻമെന്റ് കടന്നുപോവുന്ന പാതയിലെ 127 ഇടങ്ങളിലായി ഇതിനകം മണ്ണു പരിശോധന നടത്തിയിട്ടുണ്ട്. ഇനിയും ഇരുന്നൂറ് ഇടങ്ങളിൽ കൂടി ശാസ്ത്രീയ മണ്ണ് ഗവേഷണം നടത്താനൊരുങ്ങുകയാണ്. മേൽപ്പാലം, വയഡക്ട്, ടണൽ, അടിപ്പാത തുടങ്ങിയ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നയിടങ്ങളിൽ തികച്ചും ശാസ്ത്രീയവും സൂക്ഷ്മവുമായാണ് ട്രാക്ക് സ്ഥാപിക്കുന്ന പ്രതലത്തിന്റെ ഉറപ്പും ഘടനയും പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ശബരി റെയിൽപാതയുടെ എസ്റ്റിമേറ്റ് പുതുക്കുന്നു
പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ ശബരിമലയെ രാജ്യത്തിന്റെ റെയിൽവെ ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന റെയിൽപദ്ധതി നീണ്ട കാത്തിരിപ്പിന് ശേഷം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെ-റെയിൽ) അങ്കമാലി-എരുമേലി ശബരി റെയിൽപാതയുടെ എസ്റ്റിമേറ്റ് പുതുക്കുന്ന ജോലികൾ ആരംഭിച്ചു.
ഇതിനോടനുബന്ധിച്ച് രാമപുരം-എരുമേലി ഭാഗത്ത് ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് (ലിഡാർ) സർവെ നടത്തുന്നതിന് കെ-റെയിൽ ടെണ്ടർ ക്ഷണിച്ചു. രാമപുരം മുതൽ എരുമേലി വരെ നാല്പത് കിലോമീറ്റർ ദൈർഘ്യത്തിലുളള ഭാഗത്താണ് ചെറുവിമാനം ഉപയോഗിച്ച് ആകാശസർവെ നടത്തുന്നത്. റെയിൽപാത കടന്നുപോവുന്ന ഭൂമിയുടെ കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളും ഉയർച്ചതാഴ്ചകളും ശേഖരിക്കുന്നതിനായാണ് അത്യാധുനിക സർവെ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവേഗ റെയിൽ ഇടനാഴി(സിൽവർലൈൻ)യ്ക്കായും കെ-റെയിൽ ലിഡാർ സർവെ നടത്തിയിരുന്നു.
ശബരി റെയിൽപാത പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ സംസ്ഥാനം സന്നദ്ധമാണെന്ന് വ്യക്തമാക്കി കേരളം സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവെ ബോർഡ് എസ്റ്റിമേറ്റ് വീണ്ടും പുതുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കണക്കാക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയുമായി മുന്നോട്ട് പോവാനാവാത്ത സാഹചര്യത്തിലാണ് ശബരി റെയിൽപാതയുടെ എസ്റ്റിമേറ്റ് പുതുക്കുന്നത്.
പദ്ധതിയുടെ അമ്പത് ശതമാനം കിഫ്ബിയിൽ നിന്ന് റെയിൽവെയ്ക്ക് ലഭ്യമാക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ വിഭാവനം ചെയ്ത പദ്ധതി പ്രകാരം 550 കോടി രൂപയായിരുന്നു ശബരി റെയിൽപാതയുടെ പ്രഥമ അടങ്കൽതുക. യാഥാർത്ഥ്യമാവാൻ വൈകിയതോടെ 2005-ൽ 1,234 കോടിയായും, 2011-ൽ 1,566 കോടിയായും എസ്റ്റിമേറ്റ് തുക ഉയർന്നു. ഏറ്റവുമൊടുവിൽ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 2815.62 കോടി രൂപയായിരുന്നു പദ്ധതിചെലവ് പ്രതീക്ഷിച്ചത്. 470.77 ഹെക്ടറോളം ഭൂമിയാണ് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ 116 കിലോമീറ്റർ ദൈർഘ്യത്തിൽ കടന്നുപോവുന്ന ശബരി റെയിൽപാതയ്ക്കായി ഏറ്റെടുക്കുക.

വിദഗ്ധർ സംസാരിക്കുന്നു

സാങ്കേതിക സവിശേഷതകൾ
സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതിയുടെ സാങ്കേതിക സവിശേഷതകൾ സിസ്ട്ര കൺസൽട്ടൻസിയുടെ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ (സിസ്റ്റംസ്) കെ.എസ്.കൃഷ്ണകുമാർ വിശദീകരിക്കുന്നു.
വെബ്‌ലിങ്ക്
https://www.facebook.com/OfficialKRail/videos/491745735213011/

വിശദീകരണ വീഡിയോ: എപ്പിസോഡ് 3

''ജനവാസ മേഖലകളെയും കൃഷിഭൂമികളെയും പ്രതികൂലമായി ബാധിക്കില്ല''

ജനവാസം കുറഞ്ഞ മേഖലകളാണ് സിൽവർലൈൻ പാതയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് പുതിയ പട്ടണങ്ങളും ടൗൺഷിപ്പുകളും രൂപപ്പെടാൻ സഹായിക്കും. സെമിഹൈസ്പീഡ് പദ്ധതിയുടെ ഭാഗമായി വീടുകൾ പൊളിക്കാതെ മാറ്റി സ്ഥാപിക്കുന്ന സാങ്കേതികവിദ്യയും പദ്ധതിയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. സിൽവർലൈൻ അലൈൻമെന്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടി.
വെബ്‌ലിങ്ക്
https://www.facebook.com/OfficialKRail/videos/485151355860337

 

ഗ്രാഫിക്‌സ് വീഡിയോ

Input caption text here. Use the block's Settings tab to change the caption position and set other styles.
സാങ്കേതിക യാഥാർത്ഥ്യങ്ങൾ
സിഗ്നലിങ്/നിയന്ത്രണ സംവിധാനം:
സിൽവർലൈനിനായി നിർദ്ദേശിച്ചിരിക്കുന്നത് എൽ.ടി.ഇ സഹിതമുള്ള ഇ.ടി.സി.എസ് ലെവൽ 2 (ഡിസൈൻ വേഗത: മണിക്കൂറിൽ 250 കി.മി) സിഗ്‌നലിംഗ് & ട്രെയിൻ നിയന്ത്രണ സംവിധാനമാണ്. ഉയർന്ന സുരക്ഷാസജ്ജീകരണവും മികവാർന്ന പ്രവർത്തനസംവിധാനവുമുള്ള അതിവേഗ ട്രെയിനുകൾക്ക് അനുയോജ്യമായ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണിത്.
വെബ്‌ലിങ്ക്: https://www.facebook.com/OfficialKRail/posts/2877636792564339

പ്രചാരണവും യാഥാർത്ഥ്യവും

നിങ്ങൾക്കറിയാമോ ?
സിൽവർലൈൻ സ്‌റ്റേഷനുകൾ

സിൽവർലൈൻ വാർത്തകളിൽ

സമൂഹമാധ്യമങ്ങളിൽ സിൽവർലൈൻ

എഡിറ്റർ: : ശ്രീശാന്ത്.എസ്, പി.ആർ.കോ-ഓർഡിനേറ്റർ.
വിലാസം: കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്
അഞ്ചാംനില, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തൈക്കാട് പി.ഒ,
തിരുവനന്തപുരം, കേരളം-695014
ഇ-മെയിൽ: 
info@keralarail.com;
ഫോൺ: 0471 232 4330 / 232 6330
ഫാക്‌സ്: 0471 232 5330.

  
Website
Website
Facebook
Facebook
Twitter
Twitter
LinkedIn
LinkedIn
Instagram
Instagram
YouTube
YouTube
CLICK HERE TO VIEW THIS IN YOUR BROSWER