കെ-റെയിലിനെക്കുറിച്ച്

ട്രെയിൻ ഗതാഗതരംഗത്ത് അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനായി സംസ്ഥാന ഗവൺമെന്റിന്റെയും റെയിൽവെ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ രൂപീകൃതമായ സംയുക്തസംരംഭമാണ് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ). റെയിൽവെയുടെ അടിസ്ഥാന സൗകര്യവികസനം, പുനർവികസനം,പ്രവർത്തനം, പരിപാലനം എന്നീ മേഖലകളിലും യാത്രികർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതികസാഹചര്യമൊരുക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന പ്രമുഖ സ്ഥാപനമാവാനാണ് കെ-റെയിൽ ലക്ഷ്യമിടുന്നത്.
ഏറ്റവും മികച്ച സാങ്കേതികവിദ്യകളും സാമ്പത്തികനയവൈദഗ്ദ്ധ്യവും പരമാവധി വിഭവശേഷി വിനിയോഗവും അനുവർത്തിച്ച് സുരക്ഷ, സുഖസൗകര്യം, കാര്യക്ഷമത, മൂല്യാധിഷ്ഠിതസേവനങ്ങൾ എന്നിവ ഉന്നത നിലവാരത്തിൽ പ്രദാനം ചെയ്തുള്ള പദ്ധതി പൂർത്തീകരണവും കെ-റെയിലിന്റെ പ്രത്യേകതയാണ്.

സംഭവങ്ങളും സമകാലികവിവരങ്ങളും

സിൽവർലൈൻ; ഭൂമിയേറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്താൻ കേന്ദ്രനിർദേശം
'സിൽവർലൈൻ' അർദ്ധ അതിവേഗ റെയിൽ ഇടനാഴി പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കൽ പ്രക്രിയ ത്വരിതപ്പെടുത്താനും അവശ്യഅനുമതികൾ നേടിയെടുക്കാനും നിർദേശിച്ച് കേന്ദ്ര ധനമന്ത്രി ശ്രീമതി. നിർമല സീതാരാമൻ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് കത്തയച്ചു. 
പദ്ധതിക്കുള്ള ധനസഹായം അന്തിമമാക്കുന്നതിനായി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക്ക)യുമായി വീണ്ടും ഇടപഴകാനും പദ്ധതിയുടെ നിർവഹണ ഏജൻസിയായ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിനോട് കേന്ദ്ര ഗവമെന്റ് നിർദേശിച്ചു.
സിൽവർലൈൻ നാടിന് വലിയ മാറ്റം സമ്മാനിക്കുന്ന പദ്ധതി-മുഖ്യമന്ത്രി
തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവേഗ റെയിൽ ഇടനാഴി പദ്ധതി നാടിന് വലിയ മാറ്റം സമ്മാനിക്കുന്ന സുസ്ഥിര വികസനപദ്ധതിയാണെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ 2021 ഫെബ്രുവരി നാലിന് വ്യവസായ സംരംഭകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് തന്നെ പോവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽ മേൽപ്പാലങ്ങൾക്കുള്ള സ്ഥലമേറ്റെടുപ്പിന് ഭരണാനുമതി
നിർദ്ദിഷ്ട സിൽവർലൈൻ പാതയിൽ നിർമ്മിക്കുന്ന അഞ്ച് റെയിൽ മേൽപ്പാലങ്ങൾ(ആർ.ഒ.ബി)ക്ക് കൂടി സ്ഥലമേറ്റെടുക്കുന്നതിനായി 2021 ഫെബ്രുവരി 26-ൽ സംസ്ഥാനസർക്കാർ 7.87 കോടി രൂപയുടെ ഭരണാനുമതി നൽകി. അഞ്ച് റെയിൽ മേൽപ്പാലങ്ങളിൽ മൂന്നെണ്ണം മലപ്പുറം ജില്ലയിലും രണ്ടെണ്ണം കാസർഗോഡ് ജില്ലയിലുമാണ് നിർദേശിച്ചിരിക്കുന്നത്.
നിലവിലുള്ള ലെവൽക്രോസ്സിംഗുകൾക്ക് പകരമായാണ് മലപ്പുറത്തെ ചിരമംഗലം ഗേറ്റ്(എൽ.സി നമ്പർ 173), ചെറുകര ഗേറ്റ് (എൽ.സി നമ്പർ: 6), ചുങ്കം/പട്ടിക്കാട് ഗേറ്റ് (എൽ.സി നമ്പർ: 8) എന്നിവിടങ്ങളിലായി റെയിൽമേൽപ്പാലങ്ങൾ നിർദേശിച്ചത്. 6, 8 നമ്പർ ലെവൽ ക്രോസിംഗുകൾ തൃശൂർ, കുന്നംകുളം, നിലമ്പൂർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത 39 ലാണ് സ്ഥിതി ചെയ്യുന്നത്.
 കാസർഗോഡ് ജില്ലയിൽ നിർദ്ദേശിച്ചിരിക്കുന്ന റെയിൽ മേൽപ്പാലങ്ങൾ നിലവിലുള്ള എലമ്പാച്ചി/തൃക്കരിപ്പൂർ ഗേറ്റ് (എൽ.സി നമ്പർ: 264), മൊസാദ് റോഡ് ഗേറ്റ് (എൽ.സി നമ്പർ: 264) എന്നീ ലെവൽക്രോസിംഗുകൾക്ക് പകരമായാണ് നിർദേശിച്ചിരിക്കുന്നത്. ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകൡായി നാല് റെയിൽ മേൽപ്പാലങ്ങൾക്കും മലപ്പുറത്ത് ഒരു റോഡ് അടിപ്പാതയ്ക്കും നേരത്തെ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിരുന്നു.
സിൽവർലൈനിനെതിരായ ഹർജികൾ തള്ളി ഹൈക്കോടതി
കേന്ദ്രസർക്കാറിന്റെയും റെയിൽവെ മന്ത്രാലയത്തിന്റെയും മറ്റും അനുമതി അംഗീകാരം നേടിയെടുക്കാതെ സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ പ്രക്രിയയുമായി മുന്നോട്ട് പോവരുതെന്ന് നിർദേശം നൽകാൻ ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട റിട്ട് ഹർജികൾ കേരള ഹൈക്കോടതിയുടെ സിംഗിൾബെഞ്ച് തള്ളി.
ഭൂമിയേറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരം, സുതാര്യത, പുനരധിവാസം, പുനഃസ്ഥാപനം എന്നിവയ്ക്ക് അവകാശം നൽകുന്ന 2013 ലെ ആക്ട് 30 പ്രകാരമുള്ള വ്യവസ്ഥകൾ പിന്തുടരാതെ പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ നടത്തിയേക്കാമെന്ന ആശങ്കയും, പ്രായോഗികമല്ലാത്തതും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതുമായി പദ്ധതി ഒഴിവാക്കപ്പെടണമെന്ന ആരോപണവും നിവേദകർ ഹർജിയിൽ ഉന്നയിച്ചിരുന്നു. സിൽവർലൈൻ എന്ന പേരിലുള്ള പദ്ധതി സംബന്ധിച്ച സർക്കാറിന്റെ നയപരമായ തീരുമാനത്തിലോ അതുമായി ബന്ധപ്പെട്ട നടപടികളിലോ കോടതിയ്ക്ക് ഇടപെടാൻ തക്കതായ ഒരു കാരണവും കാണുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ 2021 ജനുവരി 29-ന് ഹർജികൾ തീർപ്പാക്കിയത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരമുള്ള ഹൈക്കോടതിയുടെ അധികാരപരിധിയുടെ പേരിൽ അർധ അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കാനുള്ള സർക്കാറിന്റെ ഒരു നയത്തെ അതിലംഘിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. പദ്ധതി നടപടികൾക്ക് ബന്ധപ്പെട്ട അധികൃതർ തത്വത്തിൽ അംഗീകാരം നൽകിയതായും പദ്ധതിനിക്ഷേപത്തിന് മുമ്പുള്ള നടപടിക്രമങ്ങൾക്ക് സംസ്ഥാനത്തിന് അനുമതി ലഭ്യമായതായും കോടതി സൂചിപ്പിച്ചു.  ലഭ്യമായ രേഖകളിൽ, നീതി ആയോഗും റെയിൽവെ മന്ത്രാലയവും പദ്ധതിയോട് ചില വിയോജിപ്പുകൾ രേഖപ്പെടുത്തിയെന്ന് കാണുന്നുണ്ടെങ്കിലും അവ പ്രാഥമിക എതിർപ്പുകൾ മാത്രമാണെന്നും അപാകതകൾ പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടിയ്ക്കായി സംസ്ഥാനത്തിനും കെ-റെയിലിനും നിർദേശം നൽകപ്പെട്ടതായും കോടതി നിരീക്ഷിച്ചു. 2013 ലെ ആക്ട് 30 പ്രകാരമുള്ള വ്യവസ്ഥകൾ കർശനമായി പാലിച്ചായിരിക്കും സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങുകയെന്നും കേന്ദ്രഗവൺമെന്റിൽ നിന്നും ബന്ധപ്പെട്ട എല്ലാ അധികൃതരിൽ നിന്നും അനുമതി ലഭ്യമായ ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോവുവെന്നും എതിർകക്ഷികൾ കോടതിയിൽ അറിയിച്ചു.
പുതിയ ഓഫീസ് സ്‌പേസ്
കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം വഴുതക്കാട് ട്രാൻസ് ടവേഴ്‌സിലെ പ്രധാന ഓഫീസിന് തൊട്ടുതാഴെ നാലാം നിലയിൽ പ്രവർത്തനമാരംഭിച്ചു. മാനേജിങ് ഡയറക്ടർ ശ്രീ. വി.അജിത് കുമാർ ഭദ്രദീപം തെളിയിച്ച് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എം.ഡി പറയുന്നു

എന്ത് കൊണ്ട് അർദ്ധ അതിവേഗ റെയിൽ പാത?
എന്ത് കൊണ്ടാണ് സിൽവർ ലൈൻ അതിവേഗ റെയിൽ പാതയെ ആശ്രയിക്കാതെ അർദ്ധ അതിവേഗ റെയിൽ സ്വീകരിച്ചു എന്നത് പൊതുജനങ്ങൾ പലപ്പോഴായി ഉന്നയിക്കുന്ന ചോദ്യമാണ്. അതിനെക്കുറിച്ചു കെറെയിൽ മാനേജിംഗ് ഡയറക്ടർ ശ്രീ.
വി. അജിത് കുമാർ ഈ വിഡിയോയിൽ വിശദീകരിക്കുന്നു.

വിദഗ്ദ്ധർ പറയുന്നു

സിൽവർലൈനിന്റെ റോളിങ്ങ് സ്റ്റോക്ക് അഥവാ ട്രെയിൻ ഇലക്ട്രിക്ക് മൾട്ടിപ്പിൾ യൂണിറ്റാണ്. സ്റ്റാൻഡേർഡ് ഗേജിൽ ഓടുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള ഇതിൽ ഇന്ന് ലോകത്ത് ലഭ്യമായ ഏറ്റവും സുരക്ഷിതമായ സിഗ്‌നലിങ് സംവിധാനങ്ങളാണ് ഉപയോഗിക്കുക. റോളിങ്ങ് സ്റ്റോക്കിന്റെ പ്രത്യേകതകൾ ഈ മേഖലയിലെ വിദഗ്ധനായ ശ്രീ. പ്രിയേഷ് വിശദീകരിക്കുന്നു.
സാങ്കേതിക യാഥാർത്ഥ്യങ്ങൾ
1,435 മില്ലിമീറ്റർ വീതിയുള്ള സ്റ്റാൻഡേർഡ് ഗേജ് ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ട്രാക്ക് ഗേജ്. മണിക്കൂറിൽ 350 കിലോമീറ്ററിലും അതിന് മുകളിലും വേഗതയിൽ ട്രെയിനുകൾക്ക് സർവീസ് നടത്താൻ വഴിയൊരുക്കുന്ന സ്റ്റാൻഡേർഡ് ഗേജ് സുരക്ഷിതതവും വേഗതയേറിയതും സുഖപ്രദവുമായ സംവിധാനമാണ്.

പ്രചാരണം യാഥാർത്ഥ്യം

കെ-റെയിൽ മാധ്യമങ്ങളിൽ

കെ-റെയിൽ സാമൂഹ്യമാധ്യമങ്ങളിൽ

എഡിറ്റർ: ശ്രീശാന്ത്.എസ്, പി.ആർ. കോ-ഓർഡിനേറ്റർ.
സബ് എഡിറ്റർ: നിധിയ ജോസഫ്, ടെക്‌നിക്കൽ അസിസ്റ്റന്റ്
വിലാസം: കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്
അഞ്ചാംനില, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം, കേരളം-695014
ഇ-മെയിൽ:
krdclgok@gmail.com;  ഫോൺ: 0471  232 4330 / 232 6330 
ഫാക്‌സ്: 0471  232 5330.

  
Website
Website
Facebook
Facebook
Twitter
Twitter
LinkedIn
LinkedIn
Instagram
Instagram
YouTube
YouTube
CLICK HERE TO VIEW THIS IN YOUR BROSWER